റയൽ മാഡ്രിഡിൽ നിന്നും അവഗണന, ബാഴ്സക്കായി മികച്ച പ്രകടനവുമായി പെഡ്രി ജൈത്രയാത്ര തുടരുന്നു

Image 3
FeaturedFootballLa Liga

അൻസു ഫാറ്റിക്കൊപ്പം ബാഴ്സലോണ ടീമിൽ സ്ഥിരസാന്നിധ്യമാകാനൊരുങ്ങുകയാണ് പെഡ്രിയെന്ന പതിനേഴുകാരൻ സ്പാനിഷ് കൗമാരതാരം. ബാഴ്സയുടെ കഴിഞ്ഞ മത്സരത്തിൽ ഗെറ്റാഫെയോട് അവരുടെ തട്ടകത്തിൽ തോൽവി രുചിച്ചെങ്കിലും മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് പെഡ്രി കാഴ്ചവെച്ചത്. ഇതോടെ ഓരോ മത്സരം കഴിയുമ്പോഴും കൂമാനു കീഴിൽ കൂടുതൽ വിശ്വാസമാർജ്ജിക്കാൻ ഈ യുവതാരത്തിനു സാധിച്ചിരിക്കുകയാണ്.

മെസി ഫാൾസ് 9 ആയും അന്റോയിൻ ഗ്രീസ്‌മാൻ നമ്പർ 10 ആയും കൂമാൻ കളിക്കാലത്തിലിറക്കിയെങ്കിലും ഇരുവരുടെയും സബ് ചെയ്യുന്നത് വരെ വളരെ ഭംഗിയായി ചെയ്തത് പെഡ്രിയാണെന്ന് നിസംശയം പറയാം. മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുകയും പ്രതിരോധതാരങ്ങളിൽ നിന്നു പന്ത്‌ സ്വീകരിച്ച് ഗെറ്റാഫെയുടെ പ്രതിരോധം കീറിമുറിക്കുന്ന ത്രൂ പാസുകൾ നൽകിയുമുള്ള മനോഹരഫുട്ബോളാണ് പെഡ്രിയുടെ കാലിൽ നിന്നും പിറന്നത്.

പെഡ്രിയുടെ ഫുട്ബോൾ വൈഭവം ഗ്രീസ്മാനു അളന്നു മുറിച്ചു നൽകിയ മത്സരത്തിലെ തന്നെ ഏക മികച്ച അവസരമെന്നു പറയാവുന്ന ത്രൂബോൾ തന്നെ വിളിച്ചോതുന്നുണ്ട്. ഗെറ്റാഫെ മത്സരത്തെ കായികമായി നേരിട്ടപ്പോഴും ഫ്രങ്കി ഡിജോങ്ങിനെക്കാൾ മികച്ച രീതിയിൽ പന്തടക്കം പുറത്തെടുക്കാൻ പെഡ്രിക്കു സാധിച്ചു.

ഇതിനെല്ലാം ബാഴ്സ നന്ദി പറയേണ്ടത് പെഡ്രിയെ ഒഴിവാക്കിയ റയൽ മാഡ്രിഡിനോട് തന്നെയാണ്. പണ്ടു വാൽഡെബാബസിൽ ട്രയലിനു വന്ന പെഡ്രിയെ റയലിനു ബോധിക്കാതെ ഒഴിവാക്കുകയായിരുന്നു. എന്നാൽ പിന്നീട് ലാസ് പാൽമാസിൽ കിടിലൻ പ്രകടനം കാഴ്ച വെച്ചതോടെ ബാഴ്സ താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ ബാഴ്സയിലും മൈക്കൽ ലോഡ്രപ് ആരാധനാപാത്രമായ ഈ പതിനേഴുകാരൻ തന്റെ കരിയർ മികവുറ്റതാക്കിക്കൊണ്ടിരിക്കുകയാണ്.