റയൽ മാഡ്രിഡ്‌ എന്നെ കൈവിട്ടതിനു നന്ദി, തന്റെ ഇഷ്ടക്ലബ്ബിലാണ് താൻ ഇപ്പോഴുള്ളതെന്നു പെഡ്രി

Image 3
FeaturedFootballLa Liga

സമ്മർ ട്രാൻസ്ഫറിൽ ലാസ് പാൽമാസിൽ നിന്നും ബാഴ്സയിലേക്ക് ചേക്കേറിയ പെഡ്രി ടീമിനായി മിന്നും പ്രകടനം കാഴ്ച വെക്കുന്ന കൗമാരതാരമാണ്. കൂമാനു കീഴിൽ ഓരോ മത്സരത്തിനു ശേഷവും കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന പ്രതിനേഴുകാരൻ പെഡ്രിക്ക് കൂമാൻ എൽ ക്ലാസിക്കോയിലും അവസരം നൽകിയിരുന്നു. പരിക്കു മൂലം പുറത്തായിരുന്ന ഫിലിപ്പെ കൂട്ടീഞ്ഞോയുടെ അഭാവത്തിൽ ആ പൊസിഷനിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിനു സാധിച്ചിരുന്നു.

എന്നാൽ ബാഴ്സയിലെത്തും മുൻപ് റയൽ മാഡ്രിഡിനു വേണ്ടി ട്രയൽസിൽ പങ്കെടുത്ത സന്ദർഭം കാറ്റാലൻ മാധ്യമമായ കഡെന സെർനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് പെഡ്രി. റയൽ മാഡ്രിഡിന്റെ മികവിനൊപ്പം താരത്തിനു പ്രതിഭയില്ലെന്നു വ്യക്തമാക്കി പെഡ്രിയെ പറഞ്ഞു വിടുകയായായിരുന്നു. എന്നാലിപ്പോൾ ആ തീരുമാനത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് പെഡ്രി. അതുകൊണ്ടാണ് തന്റെ ഇഷ്ടക്ലബ്ബായ ബാഴ്സക്ക് വേണ്ടി കളിക്കാനായതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് പെഡ്രി.

” ഞാൻ റയൽ മാഡ്രിഡിനു കളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോൾ അവർ റയലിനായി കളിക്കാനുള്ള ലെവൽ തനിക്കില്ലെന്നു വ്യക്തമാക്കുകയായിരുന്നു. അന്ന് എന്നോട് ഞാൻ അത് പറഞ്ഞവരോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു. കാരണം ഞാൻ ഇപ്പോഴുള്ളത് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ക്ലബ്ബിനൊപ്പമാണ്. റയൽ മാഡ്രിഡ്‌ ഷർട്ട്‌ ധരിക്കുകയെന്നത് എപ്പോഴും അപരിചിതമായ ഒന്നായിരുന്നു. ഞാൻ എപ്പോഴും ബാഴ്സ ജേഴ്സിയായിരുന്നു ധരിച്ചിരുന്നത്.” പെഡ്രി പറഞ്ഞു.

ഒപ്പം ബാഴ്സ സൂപ്പർതാരം ലയണൽ മേശിക്കൊപ്പം കളിക്കുന്നതിന്റെ അമ്പരപ്പും താരം വെളിപ്പെടുത്തി. ഡ്രസിങ് റൂമിലും ട്രെയിനിങ്ങിലും ലയണൽ മെസിയുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ചും പെഡ്രി മനസു തുറന്നു. “എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചത് ലയണൽ മെസി ട്രെയിനിങ്ങിൽ ചെയ്യുന്ന കാര്യങ്ങളാണ്. അതു ഒലിവറും ബെഞ്ചിയും( ജാപ്പനീസ് കാർട്ടൂൺ ‘ക്യാപ്റ്റൻ സുബസ’) യഥാർത്ഥ ജീവിതത്തിൽ ചെയ്യുന്ന പോലെയാണ്.” പെഡ്രി പറഞ്ഞു.