പരിക്കിൽ നിന്നും അത്ഭുതാവഹമായ തിരിച്ചുവരവുമായി പെഡ്രി, കോപ്പ ഡെൽ റെയിൽ ബാഴ്സ ഇന്ന്‌ സെവിയ്യക്കെതിരെ

സെവിയ്യക്കെതിരായ ലാലിഗ മത്സരത്തിൽ ബാഴ്സക്ക് ഇരട്ടഗോളുകളുടെ പിൻബലത്തോടെ മികച്ച വിജയം നേടാൻ സാധിച്ചിരുന്നു. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റൻ ലയണൽ മെസി തന്നെയായിരുന്നു കളിയിലെ കേമൻ. മത്സരത്തിൽ തന്ത്രപ്രധാനമായും ബാഴ്സക്ക് വിജയം നേടാനായെങ്കിലും പരിക്കിൽ നിന്നും തിരിച്ചു വന്ന റൊണാൾഡ്‌ അറോഹോക്കും മധ്യനിരയിലെ ഒഴിവാക്കാനാവാത്ത യുവപ്രതിഭ പെഡ്രിക്ക് പരിക്കേട്ടതും പരിശീലകൻ കൂമാനെ പ്രതിസന്ധിയിലാക്കിയിരുന്നു.

സെവിയ്യക്കെതിരായി തന്നെ വീണ്ടും നടക്കാനിരിക്കുന്ന പ്രാധാന്യമേറിയ കോപ ഡെൽ റെയ് സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ ബാഴ്സക്ക് രണ്ടു താരങ്ങളെയും നഷ്ടമാകുന്ന സാഹചര്യമാനുണ്ടായിരുന്നത്. പെഡ്രിയുടെ പരിക്ക് മാറി തിരിച്ചു വരാൻ രണ്ടു ആഴ്ചകളെടുക്കുമെന്നായിരുന്നു മെഡിക്കൽ സംഘത്തിന്റെ വിധി.

എന്നാൽ അത്ഭുതമെന്നു പറയട്ടെ പരിക്കിൽ നിന്നും രോഗമുക്തി പ്രാപിച്ചു സെവിയ്യക്കെതിരെ താരത്തിനു കളിക്കാനാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ ഉയരുന്നത്. പതിനെട്ടുകാരന്റെ തിരിച്ചു വരവിൽ പരിശീലകൻ കൂമാനും അത്ഭുതപ്പെട്ടെന്ന് അദ്ദേഹം തന്നെ മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ലാലിഗയിൽ സെവിയ്യക്കെതിരെ മികച്ച പ്രകടനമായിരുന്നു പെഡ്രി കാഴ്ചവെച്ചത്.

ബാഴ്സക്കായി ഈ സീസണിൽ 37 മത്സരങ്ങളിൽ ഈ പതിനെട്ടുകാരൻ ബൂട്ട് കെട്ടിയിട്ടുണ്ട്. ബാഴ്സയുടെ സമീപകാലത്തെ പ്രകടനങ്ങളിലെ നെടുംതൂണാണ് പെഡ്രിയെന്നു വേണമെങ്കിൽ പറയാം. പരിക്കിൽ നിന്നും പെട്ടെന്നു മോചിതനായി പെഡ്രി തിരികെ സ്‌ക്വാഡിലെത്തിയെങ്കിലും അറോഹോയുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ലാലിഗയിലേതു പോലെ കോപ്പ ഡെൽ റെയിലും മികച്ച പ്രകടനം സെവിയ്യക്കെതിരെ തുടരാനാവുമെന്നാണ് കൂമാനും സംഘവും പ്രതീക്ഷിക്കുന്നത്.

You Might Also Like