പാക് ടീമിനെ കളിയാക്കിയ ഷോണ്‍ ടെയ്റ്റിന് സംഭവിച്ചത്, വാര്‍ത്ത സമ്മേളനത്തില്‍ നാടകീയ സംഭവങ്ങള്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരല്‍ പാകിസ്ഥാന് വന്‍ തോല്‍വിയാണല്ലോ നേരിടേണ്ടി വന്നത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ 14.3 ഓവറില്‍ മറികടക്കുകയായിരുന്നു. മത്സരശേഷം പാക് ബൗളിംഗ് കോച്ച് ഷോണ്‍ ടെയ്റ്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചില നാടകീയ രംഗങ്ങള്‍ അരങ്ങേറി.

വാര്‍ത്താ സമ്മേളനം തുടങ്ങി മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി പറഞ്ഞ ഉടനെ ടീം ദയനീയമായി പരാജപ്പെടുമ്പോഴും ബൗളര്‍മാര്‍ തല്ലു വാങ്ങുമ്പോഴും അവര്‍ എന്നെ വാര്‍ത്താ സമ്മേളനത്തിന് അയക്കും എന്ന് ടെയ്റ്റ് തമാശയായി പറഞ്ഞു. ഇതുകേട്ട് ഉടന്‍ ഇടപെട്ട പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി ടെയ്റ്റിന് സമീപമെത്തി അപ്രതീക്ഷിതമായി മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

താങ്കള്‍ ഓക്കെയാണോ എന്ന് ചോദിച്ച ശേഷമായിരുന്നു മൈക്ക് ഓഫ് ചെയ്തത്. പിന്നീട് മൈക്ക് ഓഫ് ചെയ്ത ശേഷം താങ്കളുടെ ഈ പ്രസ്താവന വലിയ പ്രശ്‌നമാകുമെന്നും മോഡറേറ്ററായി എത്തിയ ബോര്‍ഡ് പ്രതിനിധി ടെയ്റ്റിനോട് വ്യക്തമാക്കി.

അതിനുശേഷം വീണ്ടും മൈക്ക് ഓണ്‍ ചെയ്തശേഷമാണ് ടെയ്റ്റ് വാര്‍ത്താസമ്മേളനം തുടര്‍ന്നത്. പാക് ബൗളര്‍മാര്‍ ഡെത്ത് ഓവറുകളില്‍ നിറം മങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ കളിയില്‍ ഡെത്ത് ഓവറിലാണ് നമ്മള്‍ ജയിച്ചത് എന്ന് മറക്കരുതെന്ന് ടെയ്റ്റ് പറഞ്ഞു.

ഏഴ് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ നിലവില്‍ പാക്കിസ്ഥാനും ഇംഗ്ലണ്ടും മൂന്ന് കളികള്‍ വീതം ജയിച്ചിട്ടുണ്ട്. നാളെയാണ് പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അവസാന ടി20.

You Might Also Like