ഒരു മുഴം മുമ്പേ പാകിസ്ഥാന്‍, പിഎസ്എല്‍ യുഎഇയിലേക്ക്

ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചതോടെ ഇനിയെങ്ങനെ പുനരാരംഭിക്കണം എന്ന് തലപുകയ്ക്കുകയാണ് ബിസിസിഐ. അതിനിടെ ജൂണ്‍ 1 മുതല്‍ ജൂണ്‍ 20 വരെ കറാച്ചിയില്‍ നടക്കാനിരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന 20 മത്സരങ്ങള്‍ യുഎഇയില്‍ നടത്താനുളള ആലോചനയിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.

ഇതിനായി യുഎഇ അധികൃതരുമായി പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു. കറാച്ചിയിലെ കോവിഡ് സാഹചര്യം മോശമായി തുടരുന്നതിനാല്‍ ഫ്രാഞ്ചൈസികള്‍ ബോര്‍ഡിനോട് വേദി യുഎഇയിലേക്ക് മാറ്റുവാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാക്കിസ്ഥാന്‍ ടീം ജൂണ്‍ 23ന് ഇംഗ്ലണ്ടിലേക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി യാത്രയാകേണ്ടതിനാല്‍ തന്നെ ഫിക്‌സ്ച്ചറുകള്‍ ചുരുങ്ങിയ കാലത്തില്‍ നടത്തുവാന്‍ ബോര്‍ഡ് നിര്‍ബന്ധിതരാകും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫിക്‌സ്ച്ചറുകള്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വേഗത്തിലൊരു തീരുമാനം ബോര്‍ഡിന് എടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ വ്യക്തമാക്കി.

അതെസമയം ഐപിഎല്‍ സെപ്റ്റംമ്പറില്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. 31 മത്സരങ്ങളാണ് ലീഗില്‍ ഇനി അവശേഷിക്കുന്നത്. യുഎഇയ്ക്ക് പുറമെ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും എല്ലാം ഐപിഎല്‍ നടത്തിപ്പ് വേദിയായി ബിസിസിഐ ആലോചിക്കുന്നുണ്ട്.

അതിനിടെ ഐപിഎല്‍ നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്ത് വന്നു.

You Might Also Like