വിദേശമണ്ണിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ; ഇന്ത്യ -പാക് മത്സരത്തിനായുള്ള അവസാന സാധ്യതയും മങ്ങുന്നു

Image 3
CricketCricket News

ഇന്ത്യയ്‌ക്കെതിരെ വിദേശത്ത് ഒരു ടി20 പരമ്പര നടത്താനുള്ള നിർദേശം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുന്നോട്ടുവച്ചിട്ടില്ലെന്നും, പകരം 2025ലെ ചാമ്പ്യൻസ് ട്രോഫിയുടെ സുഗമമായ നടത്തിപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പിസിബി വ്യക്തമാക്കി.

പിസിബി ചെയർമാൻ മോഹ്‌സിൻ നഖ്‌വി, ബിസിസിഐ അധികൃതരുമായി ചേർന്ന് ഒരു ഓഫ്‌ഷോർ വേദിയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ടി20 പരമ്പരയുടെ സാധ്യതയെക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന. ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ആയിരിക്കും ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയാവുക എന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, പിസിബിയുടെ നിലവിലെ ലക്ഷ്യം 2025ലെ ചാമ്പ്യൻസ് ട്രോഫി വിജയകരമായി സംഘടിപ്പിക്കുക എന്നത് മാത്രമാണെന്ന് പിസിബി വൃത്തങ്ങൾ വ്യക്തമാക്കി.

“നിലവിൽ അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ല. ഏറ്റവും വലിയ വെല്ലുവിളി ചാമ്പ്യൻസ് ട്രോഫി മികച്ച രീതിയിൽ സംഘടിപ്പിക്കുക എന്നതാണ്. ഞങ്ങൾക്ക് തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂളുകളുമുണ്ട്,” പിസിബിയെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ശ്രീലങ്കയിലെ കൊളംബോയിൽ അടുത്തിടെ നടന്ന ഐസിസി യോഗത്തിൽ ബിസിസിഐയും പിസിബിയും അടക്കം നിരവധി ക്രിക്കറ്റ് ബോർഡുകൾ പങ്കെടുത്തിരുന്നു. കൊളംബോയിൽ നടന്ന ഐസിസി യോഗത്തിൽ പിസിബിക്ക് രണ്ട് പ്രധാന അജണ്ടകളുണ്ടായിരുന്നു – ഒന്നാമതായി, ചാമ്പ്യൻസ് ട്രോഫി 2025-നുള്ള ബജറ്റ് അംഗീകരിപ്പിക്കുക, രണ്ടാമതായി, ഇന്ത്യൻ ടീം പാകിസ്ഥാനിൽ കളിക്കാൻ വരുമെന്ന് ഐസിസിയുടെയും ബിസിസിഐയുടെയും ഉറപ്പ് നേടുക.

“ചാമ്പ്യൻസ് ട്രോഫിയുടെ നടത്തിപ്പാണ് ഞങ്ങളുടെ പ്രധാന അജണ്ട. അതിനാൽ, ഇന്ത്യയുമായി ഒരു ഉഭയകക്ഷി സീരീസ് ആലോചിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല.” പിസിബി വ്യക്തമാക്കി.

സുഗമമല്ലാത്ത ബന്ധം

2012-ൽ ഇന്ത്യ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി പരമ്പര നിർത്തിവച്ചിരുന്നു. 2007ൽ പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയ പര്യടനത്തിലായിരുന്നു ഇരുടീമുകളും തമ്മിൽ അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. സുരക്ഷാ ആശങ്കകൾ കാരണം ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ സാധ്യതയില്ല. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്.