ഓക്‌സിജനായി ഇന്ത്യയ്ക്ക് ലക്ഷങ്ങള്‍ സംഭാവന ചെയ്ത് കമ്മിന്‍സ്, കൈയ്യടിക്കടാ..

Image 3
CricketIPL

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യയ്ക്ക് തന്നാല്‍ കഴിയുന്ന കൈ സഹായവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ്. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ വാങ്ങുന്നതായി പി എം കെയറിലേക്ക് അമ്പതിനായിരം ഡോളറാണ് (38 ലക്ഷം രൂപ) പാറ്റ് കമ്മിന്‍സ് സംഭാവനയായി നല്‍കിയത്.

ഐ പി എല്ലിലെ തന്റെ സഹതാരങ്ങളോട് കഴിയാവുന്ന തരത്തില്‍ സംഭാവന ചെയ്യണമെന്നും കമ്മിന്‍സ് ആഹ്വാനം ചെയ്തു.

‘ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ, ഇവിടുത്തെ ജനങ്ങള്‍ ഞാന്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും ഊഷ്മളരും ദയയുള്ളവരുമാണ്. എന്നാല്‍ ഈ സമയത്ത് എല്ലാവരും വളരെയധികം കഷ്ട്ടപെടുന്നുണ്ടെന്ന് അറിഞ്ഞതില്‍ ദുഃഖമുണ്ട്. കോവിഡ് 19 പ്രതിസന്ധി ക്രമാതീതമായി ഉയരുമ്പോള്‍ ഇവിടെ ഐ പി എല്‍ തുടരുന്നത് ഉചിതമാണോയെന്നതിനെ ഇവിടെ കുറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോക്ഡൗണിനിടെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സമയത്ത് ഓരോ ദിവസവും കുറച്ച് മണിക്കൂര്‍ ഐ പി എല്‍ അവര്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കുന്നു. ‘ പാറ്റ് കമ്മിന്‍സ് ട്വിറ്ററില്‍ കുറിച്ചു.

‘ ഐ പി എല്‍ എന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നുവെന്ന ആനുകൂല്യം ഞങ്ങള്‍ക്കുണ്ട്. അത് നല്ലതായി ഞങ്ങള്‍ ഉപയോഗിക്കണം. അത് മനസിലാക്കികൊണ്ട് പിഎം കെയറിലേക്ക് 50000 ഡോളര്‍ ഞാന്‍ സംഭാവന നല്‍കുകയാണ്. ഇത് പ്രത്യേകിച്ചും ഇന്ത്യയിലെ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ വാങ്ങുന്നതിന് വേണ്ടിയാണ്. ‘ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

‘ ഐ പി എല്ലിലെ എന്റെ സഹകളിക്കാരെയും ഇന്ത്യയുടെ അഭിനിവേശം അനുഭവിച്ചറിഞ്ഞ ഏതൊരാളെയും സംഭാവന നല്‍കാന്‍ ഞാന്‍ അഹ്വാനം ചെയ്യുകയാണ് ‘ പാറ്റ് കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി താരങ്ങള്‍ ഐ പി എല്ലില്‍ നിന്നും പിന്മാറികൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഓസീസ് താരം രംഗത്തെത്തിയത്.