സംഭാവന പ്രധാനമന്ത്രിയ്ക്ക് നല്‍കില്ല, തീരുമാനം മാറ്റി പാറ്റ് കമ്മിന്‍സ്

സിഡ്നി: ഇന്ത്യയില്‍ അതിവേഗം പടരുന്ന കൊവിഡ് മഹാമാരിയെ പ്രതിരോധത്തിനായി പി.എം കെയറിലേക്ക് 50000 ഡോളര്‍ സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. തന്റെ സംഭാവന യൂനിസെഫ് ഓസ്ട്രേലിയയുടെ ഇന്ത്യാ കൊവിഡ് സഹായ നിധിയിലൂടെ നല്‍കുമെന്ന് കമ്മിന്‍സ് അറിയിച്ചു.

ക്രിക്കറ്റ് ഓസ്ട്രേലിയയുടേത് മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. യൂനിസെഫ് ഓസ്ട്രേലിയയും ക്രിക്കറ്റ് ഓസ്ട്രേലിയയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കുക. ഓക്സിജനും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങി ഇന്ത്യയില്‍ എത്തിക്കാനാവും ഈ തുക ഉപയോഗിക്കുക.

നേരത്തെ പി.എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ സംഭാവന നല്‍കുമെന്ന് കമ്മിന്‍സ് അറിയിച്ചിരുന്നു. അതേസമയം കമ്മിന്‍സിനോട് പി.എം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കരുതെന്നും അത് സുതാര്യമാകില്ലെന്നും പറഞ്ഞ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരുന്നു.

You Might Also Like