അവന്‍ അടുത്ത യുവരാജെന്ന് ഇന്ത്യന്‍ താരം, ഇങ്ങനെ അഴകോടെ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്കാരനെ കണ്ടിട്ടില്ലെന്ന ഇംഗ്ലീഷ് താരം

ഐപിഎല്‍ രണ്ടാം പാദത്തിലെ താരോദയമാണ് വെങ്കിടേഷ് അയ്യര്‍ എന്ന തമിഴ് താരം. ഐപിഎല്ലില്‍ രണ്ട് ഇന്നിംഗ്‌സ് മാത്രം കളിച്ചിട്ടുളള വെങ്കിടേഷ് അയ്യര്‍ ഇതിനോടകം സൂപ്പര്‍ ഹീറോയായി ഉയര്‍ന്ന് കഴിഞ്ഞു. ഇന്ത്യന്‍ താരങ്ങളില്‍ അധികം ഒട്ടും കാണാത്ത ഫിയര്‍ലെസ് ബാറ്റിംഗ് ആണ് വെങ്കിടേഷ് അയ്യറുടെ പ്രത്യേകത.

മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അയ്യര്‍ ഫിഫ്റ്റിയുമായി കസറിയിരുന്നു. 30 ബോളില്‍ 53 റണ്‍സായിരുന്നു താരം നേടിയത്. ഐപിഎല്ലില്‍ അയ്യരുടെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ തൊട്ടുമുമ്പത്തെ അരങ്ങേറ്റ മല്‍സരത്തില്‍ പുറത്താവാതെ 41 റണ്‍സും അയ്യര്‍ നേടിയിരുന്നു.

ഇതോടെ വെങ്കിടേഷ് അയ്യരെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിംഗിനോട് ഉപമിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കൂപ്പര്‍ പാര്‍ത്ഥീവ് പട്ടേല്‍. ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാനും അയ്യരെ പ്രശംസിച്ചു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

വെങ്കടേഷ് അയ്യര്‍ നേടിയ ബൗണ്ടറികളെയും സിക്സറുകളെയും കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം കാണിച്ച പക്വത ഗംഭീരമായിരുന്നു. ഇന്ത്യന്‍ എ ടീമിനു വേണ്ടി പോലും കളിച്ചില്ലാത്ത താരത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത താരമാണ് വെങ്കടേഷ് അയ്യര്‍.

സ്വന്തം കഴിവില്‍ ഉറച്ച വിശ്വാസമാണ് അയ്യര്‍ക്കുള്ളതെന്ന് കഴിഞ്ഞ രണ്ടു ഇന്നിങ്സുകളും കാണിച്ചുതരുന്നു. അദ്ദേഹം ഒരുപാട് പക്വതയും കാണിച്ചു. ഐപിഎല്ലില്‍ യുവതാരങ്ങളില്‍ നമ്മള്‍ എല്ലായ്പ്പോഴും നോക്കുന്ന കാര്യമാണിത്. ക്രീസിലെത്തി ശേഷം ഒട്ടും ഭയമില്ലാതെയാണ് അയ്യര്‍ ബാറ്റ് ചെയ്തതെന്നും പാര്‍ഥീവ് നിരീക്ഷിച്ചു.

വെങ്കടേഷ് അയ്യരുടെ ബാറ്റിങിന് ഒരു സ്‌റ്റൈലുണ്ടായിരുന്നു. വളരെ കൂളായാണ് താരം കളിച്ചത്. ഒരുപാട് വികാരങ്ങളൊന്നും പ്രകടിപ്പിച്ചില്ല. ബോള്‍ട്ട്, മില്‍നെ എന്നിവര്‍ക്കെതിരായ ആദ്യ ബോളില്‍ തന്നെ അയ്യര്‍ സിക്സറടിച്ചു. സ്പിന്നര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഹെല്‍മറ്റൂരിയാണ് അദ്ദേഹം നേരിട്ടത്. മുടി പിറകിലേക്ക് ഒതുക്കിയിട്ട് അയ്യര്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ രസമായിരുന്നു. പ്രതിഭയുള്ള സ്‌റ്റൈലിഷ് താരമാണ് അവന്‍. ക്രിക്കറ്റിനെ അവന്‍ സമീപിക്കുന്ന രീതി എനിക്ക് ഇഷ്ടമായി. എന്റെ മാന്‍ ഓഫ് ദി മാച്ച് വെങ്കടേഷ് അയ്യരാണെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

 

You Might Also Like