ഇന്ത്യന്‍ സൂപ്പര്‍ ക്ലബിന് മൂന്ന് സീസണില്‍ ട്രാന്‍സ്ഫര്‍ വിലക്ക്, കടുത്ത നടപടിയുമായി ഫിഫ
ഐലീഗ് കളിക്കുന്ന പ്രമുഖ ക്ലബ് പഞ്ചാബ് എഫ്‌സിക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ ബോഡിയായ ഫിഫ. മൂന്ന് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പഞ്ചാബ് എഫ്‌സിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഫിഫ. കളിക്കാരന്റെ പ്രതിഫലം നല്‍കുന്നതില്‍ വീഴ്ച്ചവരുത്തിയതിനാണ് പഞ്ചാബ് എഫ്‌സിക്ക് ഫിഫയുടെ ശിക്ഷ നടപടി.
പഞ്ചാബ് എഫ്‌സിയ്ക്കായി കളിച്ച നോര്‍ത്ത് മാസ്‌ഡോണിയിന്‍ താരമായ ഹൃസ്ട്രിജന്‍ ഡെന്‍കോവ്‌സ്‌കിയുടെ പരാതിയിലാണ് ഫിഫ ഡിസ്പ്യൂട്ട് റെസല്യൂഷ ചേമ്പര്‍ കളിക്കാരന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. കളിക്കാരന് കൊടുക്കാനുളള 18000 ഡോളര്‍ (ഉദ്ദേശം 14 ലക്ഷം രൂപ) നഷ്ടപരിഹാര തുക നല്‍കുന്നതില്‍ പഞ്ചാബ് എഫ്‌സി വീഴ്ച്ചവരുത്തിയതിനാണ് ഫിഫ കടുത്ത നടപടി പുറപ്പെടുവിച്ചത്.
ഇതോടെ അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ മുതല്‍ വിദേശിയും സ്വദേശിയുമായിട്ടുളള ഒരു താരത്തേയും ടീമിലെത്തിക്കാന്‍ ഐഎസ്എല്‍ പ്രവേശനം കാത്തിരിക്കുന്ന പഞ്ചാബ് എഫ്‌സിക്ക് ആകില്ല. കളിക്കാരനുളള പ്രതിഫല തുക നല്‍കിയതിന്റെ തെളിവ് ഡിആര്‍സിയ്ക്ക് നല്‍കിയാല്‍ മാത്രമാണ് ഇനി ഈ വിലക്ക് മാറ്റുന്നതിനുളള നടപടി ഉണ്ടാകു.
കരാറുമായി ബന്ധപ്പെട്ട് ക്ലബും കളിക്കാരനും തമ്മിലുളള തര്‍ക്കത്തില്‍ ഫിഫ ഡിസ്പ്യൂട്ട് റെസല്യൂഷ ചേമ്പര്‍ (ഡിആര്‍സി) കഴിഞ്ഞ ഫെബ്രുവരി 13ന് ഡെന്‍കോവ്‌സ്‌കിയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. 45 ദിവസത്തിനുളളില്‍ പ്രതിഫലം കൊടുത്ത് തീര്‍ക്കണമെന്നാണ് പഞ്ചാബ് എഫ്‌സിയോട് ഡിആര്‍സി കല്‍പിച്ചത്. മാര്‍ച്ച് 31ന് ഈ കാലാവധി അവസാനിച്ചെങ്കിലും ക്ലബ് തുക കൊടുക്കാന്‍ തയ്യാറായില്ല.
ഇതോടെയാണ് മൂന്ന് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പഞ്ചാബ് എഫ്‌സിയ്ക്ക് ഡിആര്‍സി വിലക്ക് ഏര്‍പ്പെടുത്തിയത്. 2000 ഡോളര്‍ വീതം ഓരോ മാസവും കളിക്കാരന് നല്‍കുമെന്നായിരുന്നു പഞ്ചാബ് എഫ്‌സിയുമായി ഡെന്‍കോവ്‌സ്‌കിയുടെ കാരാര്‍. ഇതാണ് ക്ലബ് ലംഘിച്ചത്.