സിംബാബ്‌വെ താരത്തിന്റെ ഹെല്‍മെറ്റ് തകര്‍ക്കുന്ന പാക് പേസര്‍, ഭീതിപ്പെടുത്തുന്ന കാഴ്ച്ച

Image 3
CricketIPL

രണ്ടാം ടി20യില്‍ സിംബാബ്വെ താരം തിനാഷേ കമുന്‍കാംവെയുടെ ഹെല്‍മെറ്റ് തകര്‍ത്ത് പാകിസ്താന്‍ പേസ് ബോളര്‍ അര്‍ഷാദ് ഇഖ്ബാല്‍. സിംബാബ്വെ ഇന്നിംഗ്സിലെ ഏഴാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

അര്‍ഷാദ് ഇഖ്ബാലിന്റെ പന്ത് സിംബാബ്വെ താരത്തിന്റെ ഹെല്‍മറ്റ് രണ്ട് കഷ്ണമാക്കുകയായിരുന്നു. അര്‍ഷാദിന്റെ ഓവറിലെ ആദ്യ രണ്ടു പന്തും പ്രതിരോധിച്ച കമുന്‍കാംവെയ്ക്ക് മൂന്നാം പന്തില്‍ പിഴച്ചു.

അര്‍ഷാദിന്റെ ഉയര്‍ന്നുവന്ന പന്ത് പുള്‍ ചെയ്യാനുള്ള താരത്തിന്റെ ശ്രമം പരാജയപ്പെട്ടതോടെ പന്ത് നേരെവന്ന് ഹെല്‍മറ്റിലിടിച്ചു. പന്തിടിച്ചതിന്റെ ആഘാതത്തില്‍ ഹെല്‍മറ്റിന്റെ മുകള്‍പാളി അടര്‍ന്നു തെറിച്ചു പോയി.

തുടര്‍ന്ന് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സിംബാബ്വെ ടീമിന്റെ ഫിസിയോ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടോയെന്ന് പരിശോധിച്ചു. പ്രശ്നങ്ങളില്ലെന്ന് വ്യക്തമായതോടെ കമുന്‍കാംവേ ബാറ്റിംഗ് തുടര്‍ന്നു. പാക് ജഴ്‌സിയില്‍ അര്‍ഷാദിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

മത്സരത്തില്‍ സിംബാബ്വെ 19 റണ്‍സിന് പാകിസ്താനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.5 ഓവറില്‍ 99 റണ്‍സിന് ഓള്‍ഔട്ടായി. 40 പന്തുകള്‍ നേരിട്ട് നാലു ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത കമുന്‍കാംവേയാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍.