മരണപിച്ചില്‍ കളിക്കാന്‍ വീണ്ടും പാകിസ്ഥാന്‍, വീട്ടിലേക്ക് പോകണോയെന്ന് ഇന്നറിയാം

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പിലെ അതി നിര്‍ണ്ണായക പോരാട്ടത്തിനായി പാകിസ്ഥാന്‍ വീണ്ടും ഇന്നിറങ്ങും. ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയ ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തില്‍ കാനഡയെയാണ് പാകിസ്ഥാന്‍ നേരിടുന്നത്. മത്സരം തോറ്റാല്‍ പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്താകും.

ക്രിക്കറ്റിലെ വളരുന്ന ശക്തിയായ അയര്‍ലന്‍ഡിനെ തോല്‍പിച്ചാണ് കാനഡ പാകിസ്ഥാനെ നേരിടാനെത്തുന്നത്. അതിനാല്‍ തന്നെ ബാബര്‍ അസമിനും സംഘത്തിനും കാനഡ കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്.

പാകിസ്ഥാന്റെ സൂപ്പര്‍ എട്ട് സാധ്യതകള്‍ ഇപ്പോള്‍ തന്നെ ഏതാണ്ട് അസ്തമിച്ച മട്ടാണ്. അവശേഷിക്കുന്ന രണ്ട് കളിയിലും വന്‍വിജയം നേടിയാലേ പാകിസ്ഥാന് എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുളളു. ഇതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാവണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യ ഗ്രൂപ്പില്‍ ബാക്കിയുള്ള രണ്ട് കളിയിലും ജയിക്കുകയും അമേരിക്ക തോല്‍ക്കുകയും ചെയ്യണം എന്നതാണ്. ഇതില്‍ അമേരിക്ക-കാനഡ മത്സരമാകും ഏറ്റവും നിര്‍ണ്ണായകമാകുക.

അമേരിക്കയ്‌ക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ജയിക്കാവുന്ന മത്സരം കൈവിട്ടതാണ് പാകിസ്ഥാന് വലിയ തിരിച്ചടിയായത്. നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ മത്സരങ്ങളെല്ലാം ലോ സ്‌കോറിംഗ് ത്രില്ലറുകളായിരുന്നുവെന്നതിനാല്‍ വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ പാകിസ്ഥാന്‍ നന്നായി വിയര്‍ക്കേണ്ടി വരും.