ഒറ്റയാള്‍ പോരാളിയായി ഫഖര്‍, ഇരട്ട സെഞ്ച്വറി നഷ്ടമായി, പ്രോട്ടീസിന് മുന്നില്‍ പൊരുതി വീണ് പാകിസ്ഥാന്‍

Image 3
CricketCricket News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് തോല്‍വി. ആവേശകരമായ മത്സരത്തില്‍ 17 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ തോല്‍പിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 342 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 324 റണ്‍സ് എടുക്കാന്‍ മാത്രമെ ആയുള്ളൂ.

193 റണ്‍സെടുത്ത് അവസാന ഓവര്‍ വരെ പോരാടിയ ഓപ്പണര്‍ ഫഖര്‍ സമാനിന്റെ സെഞ്ച്വറി പാഴയി. 155 പന്തില്‍ 18 ഫോറും പത്ത് സിക്‌സും സഹിതമാണ് ഫഖര്‍ ഇരട്ട സെഞ്ച്വറിയ്ക്ക് അടുത്തെത്തിയത്. എന്നാല്‍ മാര്‍ക്കരത്തിന്റെ നേരിട്ടുളള ഏറില്‍ അദ്ദേഹം അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

ഇതോടെ ഏകദിനത്തില്‍ രണ്ടാം ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിതഗത സ്‌കോറായി ഫഖര്‍ സമാന്റെ 193 റണ്‍സ് മാറി. ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സന്റെ 185 റണ്‍സ് എന്ന റെക്കോര്‍ഡ് ആണ് പഴങ്കഥ ആയത്.

പാക് നിരയില്‍ മറ്റാരും ഫഖര്‍ സമാന് പിന്തുണ കൊടുക്കാതിരുന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. 33 എടുത്ത ബാബര്‍ അസം മാത്രമാണ് കുറച്ചെങ്കിലും സമാനെ പിന്തുണച്ചത്. 9 വിക്കറ്റ് നഷ്ടത്തിലാണ് 324 റണ്‍സ് പാകിസ്താന്‍ എടുത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27 പന്തില്‍ 50 റണ്‍സ് എടുത്ത മില്ലറിന്റെയും 37 പന്തില്‍ 60 റണ്‍സ് എടുത്ത വാന്‍ ഡെര്‍ സന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് വലിയ സ്‌കോറിലേക്ക് എത്തിയത്. 92 റണ്‍സ് എടുത്ത ബവുമയും 80 റണ്‍സ് എടുത്ത ഡി കോക്കും നല്ല തുടക്കവും ദക്ഷിണാഫ്രിക്കക്ക് നല്‍കിയിരുന്നു.