ഐപിഎല്ലിന് മുമ്പേ യുഎഇയിലേക്ക് പറക്കാനൊരുങ്ങി പാക് സൂപ്പര്‍ ലീഗ്

Image 3
CricketCricket News

ഇടക്ക് വെച്ച് നിര്‍ത്തിവെച്ച പാക് സൂപ്പര്‍ ലീഗ് ആറാം സീസണ്‍ യൂഎഇയിലേക്ക് പറിച്ച് നടുന്നതിനെ കുറിച്ച് ആലോചനകള്‍ സജീവമാകുന്നു. പാക്കിസ്ഥാനില്‍ കോവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ആറാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കറാച്ചിയില്‍നിന്ന് യുഎഇയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി വിവിധ ഫ്രാഞ്ചൈസികള്‍ രംഗത്തെത്തി.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പിഎസ്എല്‍ ആറാം സീസണ്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ത്തിവച്ചത്. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ പുനരാരംഭിക്കാനിരിക്കെയാണ് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റണമെന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആറു ടീമുകളും ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്. തുടര്‍ന്ന് രാജ്യത്തെ കോവിഡ് സാഹചര്യം ബോര്‍ഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇപ്പോഴത്തെ തീരുമാനപ്രകാരം ജൂണ്‍ ഒന്നിന് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി ടീമുകള്‍ ഏഴു ദിവസത്തെ ക്വാറന്റീനു വേണ്ടി കറാച്ചിയിലെത്തും.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പിഎസ്എലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയിലേക്കു മാറ്റുന്ന കാര്യം പാക്ക് ബോര്‍ഡ് ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതും പാക്ക് ബോര്‍ഡിനു മുന്നില്‍ പാഠമായുണ്ട്. ജൂണ്‍ 14 വരെയുള്ള കാലയളവില്‍ ആകെ 16 ലീഗ് മത്സരങ്ങളാണ് നടക്കേണ്ടത്. ജൂണ്‍ 16 മുതല്‍ 18 വരെയാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കേണ്ടത്. ജൂണ്‍ 20നാണ് ഫൈനല്‍.