പാക് താരങ്ങള്‍ക്ക് ആഗോള വിലക്ക്, അന്നംമുട്ടിച്ച് ബിസിസിഐയുടെ ചരട് വലി
ആഗോള തലത്തില്‍ തന്നെ പാകിസ്ഥാന്‍ കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി വിവിധ ഫ്രാഞ്ചസി ക്രിക്കറ്റ് ടീം ഉടമകള്‍. പുതുതായി ആരംഭിക്കുന്ന യുഎഇ ടി20 ലീഗിലേയും സിഎസ്എ ടി20 ലീഗുകളിലേയും ഇന്ത്യന്‍ ഉടമകളായിട്ടുളള ഫ്രാഞ്ചസികളാണ് പാക് താരങ്ങളെ ടീമില്‍ പ്രവേശിക്കുന്നത് വിലക്കാന്‍ ഒരുങ്ങുന്നത്.
ഇതോടെ പാക് സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കൊന്നും ഈ ലീഗുകളില്‍ കളിക്കാന്‍ കഴിയില്ല. പ്രമുഖ സ്‌പോട്‌സ് മാധ്യമമായ ഇന്‍സൈഡ് സ്‌പോട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് താരങ്ങളെ ഈ ലീഗുകളില്‍ കളിപ്പിക്കുന്നത് ഇന്ത്യയില്‍ തിരിടിയാകുമെന്നാണ് ഐപിഎല്‍ ടീം ഉടമകള്‍ കൂടിയായ ഈ ഫ്രാഞ്ചസി ഉടമകള്‍ ഭയപ്പെടുന്നത്.
‘ഞങ്ങള്‍ക്ക് പാകിസ്ഥാന്‍ കളിക്കാരെ ആവശ്യമില്ല. എന്‍ഒസികള്‍ക്കായി പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ ഇന്ത്യയിലും അത് തിരിച്ചടി ആകും. പാകിസ്ഥാന്‍ കളിക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി കളിക്കുമ്പോള്‍ ഇന്ത്യയിലെ ഒരു ആരാധകനും സന്തോഷിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, ”യുഎഇ, ദക്ഷിണാഫ്രിക്ക എന്നീ രണ്ട് ലീഗുകളിലെയും ടീമുകളുള്ള ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.
പാകിസ്ഥാനില്‍ നിന്നുള്ള ഒരു കളിക്കാരനെയും പരിഗണിക്കുന്നില്ലെന്ന് യുഎഇ ലീഗിലെ ടീമിനൊപ്പമുളള മറ്റൊരു ഐപിഎല്‍ ഫ്രാഞ്ചൈസി ഉദ്യോഗസ്ഥനും വെളിപ്പെടുത്തി.
‘വലിയ നിക്ഷേപം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ പാക് താരങ്ങളെ ഉള്‍പ്പെടുത്തുന്നത് ടീമിന് ഒരുപാട് അപകടമുണ്ട്. നാട്ടിലുള്ള ആരാധകരുടെ വികാരം വ്രണപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. ഒരു കളിക്കാരനെയും പിന്തുടരേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ അവര്‍ക്ക് ചില മികച്ച കളിക്കാര്‍ ഉണ്ട്, പക്ഷേ അവരെ ഉള്‍കൊള്ളാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കരാറില്ലാത്ത ഇന്ത്യന്‍ താരങ്ങളെ വിദേശ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ ബിസിസിഐയോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ ബിസിസിഐ എന്ത് തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.