ഇന്ത്യയെ കാത്ത് പാകിസ്ഥാന്‍, ചരിത്രം തിരുത്തി വിമാനമിറങ്ങുമോ?

Image 3
CricketTeam India

ഇന്ത്യ കൂടി അടങ്ങിയ ഏഷ്യ കപ്പിന് വേദിയാകാമെന്ന മോഹം പരസ്യമായി പ്രകടിപ്പിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. 2023ല്‍ നടക്കുന്ന ഏഷ്യ കപ്പിലാണ് പാകിസ്ഥാന്‍ വേദിയ്ക്കായി രംഗത്തുളളത്. അന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും പാകിസ്ഥാന്‍ പിസിബി തലവന്‍ എഹ്സാന്‍ മാണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഇത്തവണ ഏഷ്യാകപ്പ് നടക്കാന്‍ സാധ്യതയില്ലെന്നും ടൂര്‍ണമെന്റിന് ശ്രീലങ്ക 2022ല്‍ വേദിയാകും എന്നും അദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഭീകരാക്രമണവുമാണ് ഇന്ത്യ-പാക് ക്രിക്കറ്റിനെ സാരമായി ബാധിച്ചത്. ഇന്ത്യയും പാകിസ്ഥാനും 2013 ജനുവരിക്ക് ശേഷം നാളിതുവരെ ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഇരു ടീമും മുഖാമുഖം വന്നിട്ടുള്ളത്. 2007ന് ശേഷം ഒരൊറ്റ ടെസ്റ്റ് മത്സരം പോലും പരസ്പരം കളിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം പുരോഗമിക്കുന്നതോടെ വീണ്ടും മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് പിസിബി.

അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരു രാജ്യങ്ങളും മുന്നോട്ടുപോകേണ്ട സമയമാണിത് എന്ന് പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഖമാര്‍ ജാവേജ് ബജ്വയുടെ വാക്കുകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അടുത്തിടെ ഇസ്ലാമാബാദ് സെക്യൂരിറ്റി ഡയലോഗിലായിരുന്നു ഖമാറിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് 2023ലെ ഏഷ്യ കപ്പിന് ആതിഥേയത്വമരുളാം എന്ന പ്രതീക്ഷ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ എഹ്സാന്‍ പങ്കുവച്ചത്.

ഈ വര്‍ഷം ഏഷ്യാകപ്പ് നടക്കാന്‍ സാധ്യതയില്ല എന്ന ആശങ്ക എഹ്സാന്‍ മാണി പങ്കുവെച്ചു. ജൂണിലെ ചെറിയ കാലയളവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തേണ്ടതുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ കലാശപ്പോര് കളിക്കേണ്ടതുണ്ട് ഇന്ത്യന്‍ ടീമിന്. രണ്ടാഴ്ച മുമ്പ് ഇംഗ്ലണ്ടിലെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ടീം ഇന്ത്യയും തിരക്കിലായിരിക്കും. ഏഷ്യ കപ്പിന് ബി ടീമിനെയാണ് ബിസിസിഐ അയക്കുക എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിനായി താരങ്ങള്‍ക്കും ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിസ അനുവദിക്കണമെന്ന് എഹ്സാന്‍ മാണി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുക. എന്നാല്‍ ഔദ്യോഗിക മറുപടി ബിസിസിഐ നല്‍കിയിട്ടില്ല.