ഇക്കാര്യം ആവശ്യപ്പെടിരുന്നെങ്കില്‍ അക്രത്തെ കൊല്ലുമായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് താരം

Image 3
Cricket

കറാച്ചി: ഇതിഹാസ പേസ് ബൗളര്‍ വസീം അക്രത്തോടുളള ആരാധന തുറന്ന പറഞ്ഞ് മറ്റൊരു ഇതിഹാസ പേസ് ബൗളറായ ഷുഹൈബ് അക്തര്‍. താന്‍ വളരെയേറെ ആരാധിച്ചിരുന്ന പാക് താരമാണ് അക്രം എന്നും അക്രമെങ്ങാനും ഒത്തുകളിയ്ക്ക് തന്നെ പ്രേരിപ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ താന്‍ കൊല്ലുമായിരുന്നെന്നും അക്തര്‍ പറയുന്നു.

പാക് ടീമില്‍ സംഭവിച്ച ഒത്തുകളി വിവാദങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് അക്തര്‍ ഇങ്ങനെ പറഞ്ഞത്. അക്തറുടെ വാക്കുകളിലൂടെ.

‘1990കളിലെ പല മത്സരങ്ങളും ഞാന്‍ കണ്ടിരുന്നു. അന്നൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്, എങ്ങനെയാണ് അദ്ദേഹം ടീമിനെ ഏകോപിപ്പിച്ച് നിര്‍ത്തുന്നതെന്ന്. തന്റെ ബൗളിങ്ങുകൊണ്ട് അസാധ്യമായ പല സാഹചര്യങ്ങളില്‍ നിന്നും അക്രം ടീമിനെ കരകയറ്റിയിട്ടുണ്ട്. ആരാധനയോടെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്.

അക്രം എന്നെ മാച്ച് ഫിക്സിങ്ങിനോ അല്ലെങ്കില്‍ ഒത്തുകളിക്കാനോ പ്രേരിപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കൊലപ്പെടുത്തുമായിരുന്നു. എന്നാല്‍ അദ്ദേഹം അത്തരത്തില്‍ എന്നോട് സംസാരിച്ചിട്ട് പോലുമില്ല.

അദ്ദേഹത്തോടൊപ്പം ഏഴോ എട്ടോ വര്‍ഷം ഞാന്‍ കളിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ മനോഹരമായ കൂട്ടുകെട്ട് തന്നെ ഉണ്ടായിരുന്നു. എതിര്‍ ടീമിലെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെ അദ്ദേഹം തകര്‍ക്കുമ്പോള്‍ വാലറ്റക്കാരെ പെട്ടന്ന് മടക്കി അയക്കേണ്ട ചുമതല എനിക്കായിരുന്നു.’ അക്തര്‍ പറഞ്ഞു.

പാകിസ്ഥാനായി 1999, 2003 ലോകകപ്പില്‍ ഒരുമിച്ച് കളിച്ച താരങ്ങലാണ് ഷുഹൈബ് അക്തറും വസീം അക്രമും. ഏഴോ എട്ടോ വര്‍ഷം ഇരുവരും ഒരുമിച്ച് കളിച്ചു.