അപമാനത്തിന്റെ പടുകുഴിയില്‍ നിന്ന് അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു, ലോകക്രിക്കറ്റില്‍ ചിലത് തെളിയ്ക്കാന്‍

സുരേഷ് വാരിയത്ത്

2009 മാര്‍ച്ച് 3 പാക്കിസ്ഥാന്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം വെറുക്കുന്ന, ഒരു ശപിക്കപ്പെട്ട ദിവസമായിരിക്കും അത്. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തിലേക്കുള്ള യാത്രാമധ്യേ ടീം ബസ്സിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ ജീവന്‍ നഷ്ടമായത് ആറു പോലീസുകാര്‍ക്കും രണ്ടു സാധാരണക്കാര്‍ക്കും മാത്രമല്ല, ലോക ക്രിക്കറ്റില്‍ പാക്കിസ്ഥാന്റെ പ്രതിച്ഛായക്കു കൂടിയായിരുന്നു.

കളിക്കളത്തിലിറങ്ങാനായി ബസില്‍ കയറിയ ശ്രീലങ്കന്‍ ടീമിലെ ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ, വൈസ് ക്യാപ്റ്റന്‍ സംഗക്കാര, തിലന്‍ സമരവീര, തിലന്ന പരണവിതാന, അജാന്ത മെന്‍ഡിസ്, സുരംഗ ലക്മല്‍, ചാമിന്ദ വാസ് എന്നിവര്‍ക്ക് പരിക്കേറ്റു. അന്നത്തെ റിസര്‍വ് അമ്പയറായിരുന്ന എഹ്‌സാന്‍ റാസക്ക് നെഞ്ചിലേറ്റ മുറിവില്‍ നിന്ന് രക്തം ഒഴുകുന്നത് നിര്‍ത്താനായി കൈ വച്ച് തടഞ്ഞ സംഭവം, മാച്ച് റഫറി ക്രിസ് ബ്രോഡ് പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

പിന്നീടങ്ങോട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഇരുണ്ട കാലമായിരുന്നു. മുമ്പ് കോഴ വിവാദങ്ങള്‍ ഗ്രസിച്ചിരുന്ന കാലത്തേക്കാള്‍ ഭീകരമായ അവസ്ഥ. മിസ്ബായും യൂനിസ് ഖാനും അടക്കമുള്ള പ്രതിഭാധനര്‍ക്ക് സ്വരാജ്യത്ത് ഒരു രാജ്യാന്തര മത്സരം കളിക്കുക എന്നത് സ്വപ്നം മാത്രമായി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു ടെസ്റ്റ് മത്സരം പോലും അവര്‍ക്കന്യമായി.

കാലം കടന്നു പോകേ ദുബായ് ഹോം ഗ്രൗണ്ടാക്കി ടെസ്റ്റ് കളിക്കേണ്ട അവസ്ഥ വന്നു. മികച്ച പ്രതിഭകളുടെ എണ്ണം കുറഞ്ഞു വന്നു, സ്വാഭാവികമായും അതു പ്രകടനത്തിലും പ്രതിഫലിച്ചു. ഇതിനിടയിലും ചാമ്പ്യന്‍സ് ട്രോഫി നേടാനായത് അവര്‍ക്കാശ്വാസമായി.

ആക്രമണത്തിന്റെ മുറിവുകള്‍ ഉണങ്ങി വരവേ, 2017ല്‍ പാക്കിസ്ഥാന്‍ ഇലവനും വേള്‍ഡ് ഇലവനും തമ്മില്‍ പ്രദര്‍ശന മത്സരം സംഘടിപ്പിക്കാന്‍ പാക് ബോര്‍ഡും ഐസിസിയും മുന്‍കയ്യെടുത്തു. 2019 ഡിസംബറില്‍ രണ്ടു ടെസ്റ്റ് പരമ്പരയ്ക്ക് വരാമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് സമ്മതിച്ചു. റാവല്‍പിണ്ടിയിലെ ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ കറാച്ചിയിലെ രണ്ടാം ടെസ്റ്റില്‍ മികച്ച നിലയില്‍ വിജയിച്ച പാക്കിസ്ഥാന്‍ സ്വന്തം നാട്ടിലെ ക്രിക്കറ്റിന്റെ മടങ്ങി വരവ് ആഘോഷിച്ചു.

കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വം നീക്കി പാക്കിസ്ഥാനില്‍ ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും തളിര്‍ക്കുമ്പോള്‍ ഇത്തവണ പരാജയമേറ്റു വാങ്ങിയത് താരതമ്യേന കരുത്തരായ ദക്ഷിണാഫ്രിക്കയാണ്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ടീമില്‍ തിരിച്ചെത്തി സെഞ്ചുറി നേടിയ ഫവാദ് ആലവും ഏഴു വിക്കറ്റുകള്‍ വീതം നേടിയ പുതുമുഖം നൗമാന്‍ അലിയും യാസിര്‍ ഷായും ചേര്‍ന്നാണ് ബാബര്‍ അസം നയിച്ച ടീമിന് ഏഴു വിക്കറ്റ് വിജയം നല്‍കിയത്.

അതെ.. … അപമാനത്തിന്റെയും പരാജയത്തിന്റെയും പടുകുഴിയില്‍ നിന്നിരുന്ന പാക് ക്രിക്കറ്റിനായി കാലം കാത്തു വെച്ച കാവ്യനീതി. ഇമ്രാന്റെയും അക്രത്തിന്റെയും പിന്‍മുറക്കാര്‍ക്ക് ലോക ക്രിക്കറ്റില്‍ ചിലത് തെളിയിക്കാനുണ്ട്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like