അടുത്തത് ഇന്ത്യ, മുന്നറിയിപ്പുമായി ബംഗ്ലാദേശ് ക്യാപ്റ്റന്‍
പാകിസ്ഥാനില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ഇനി ഇന്ത്യയ്‌ക്കെതിരെ വമ്പന്‍ അട്ടിമറി സ്വപ്നം കാണുകയാണ്. അടുത്ത മാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തോല്‍പിക്കാനാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നത്. പാകിസ്ഥാനെതിരായ വിജയം ബംഗ്ലാ കടുവകളുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ 33 വിദേശ പരമ്പരകളില്‍ നിന്ന് ബംഗ്ലാദേശിന് ലഭിക്കുന്ന മൂന്നാമത്തെ വിജയം മാത്രമാണ് പാകിസ്ഥാനെതിരായുള്ളത്. ഇതിന് മുന്‍പ് 2009-ല്‍ വെസ്റ്റിന്‍ഡീസിനെയും 2021-ല്‍ സിംബാബ്വെയെയും മാത്രമാണ് അവര്‍ പരമ്പരയില്‍ തോല്‍പ്പിച്ചത്.
എന്നാല്‍ ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യയ്ക്കെതിരെ അട്ടിമറി വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ല. നിലവില്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഇതിനകം രണ്ട് തവണ ഡബ്ല്യുടിസി ഫൈനലിലെത്തിയിട്ടുമുണ്ട്.
അടുത്ത പരമ്പര വളരെ പ്രധാനമാണ്, ഈ വിജയം ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു: നജ്മുല്‍ ഹൊസൈന്‍ ഷാന്റോ
പാകിസ്ഥാനെതിരായ ചരിത്ര വിജയത്തിന് ശേഷം നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ആവേശഭരിതനായിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരെയും അട്ടിമറി വിജയം നേടാനുള്ള ആഗ്രഹം ഷാന്റോ പ്രകടിപ്പിച്ചു. അടുത്ത പരമ്പര തങ്ങള്‍ക്ക് വളരെ നിര്‍ണായകമാണെന്നും പാകിസ്ഥാനെതിരായ വിജയം വലിയ ആത്മവിശ്വാസം പകരുന്നുവെന്നും 26കാരനായ ക്യാപ്റ്റന്‍ പറഞ്ഞു.
അടുത്ത മാസം ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ പോകുന്ന താരങ്ങളെക്കുറിച്ചും ഷാന്റോ സൂചിപ്പിച്ചു. ഇന്ത്യന്‍ മണ്ണിലും മെഹിദി ഹസന്‍ മിറാസ് തന്റെ മാസ്മരിക സ്പിന്‍ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. പാകിസ്ഥാനെതിരായ പരമ്പരയില്‍ 10 വിക്കറ്റും 155 റണ്‍സും നേടിയ മിറാസിനെ പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തിരുന്നു.
‘അടുത്ത പരമ്പര വളരെ പ്രധാനമാണ്, ഈ വിജയം ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. മുഷിയും ഷാക്കിബും ഞങ്ങള്‍ക്ക് ഏറെ അനുഭവ സമ്പത്തുള്ള താരങ്ങളാണ്, ഇന്ത്യയിലും അവരുടെ പങ്ക് നിര്‍ണായകമാകും. (മിറാസിനെക്കുറിച്ച്) ഈ കണ്ടീഷനുകളില്‍ അദ്ദേഹം അഞ്ച് വിക്കറ്റ് വീഴ്ത്തിയത് വളരെ മികച്ച പ്രകടനമാണ്, ഇന്ത്യയ്ക്കെതിരെയും അതുപോലെ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ മത്സരശേഷം നജ്മുല്‍ ഹൊസൈന്‍ ഷാന്റോ പറഞ്ഞു.