ഒഴിവാക്കാനൊരുങ്ങിയ ആഴ്സണലിന്റെ ഭാഗ്യചിഹ്നത്തിന്റെ രക്ഷക്കെത്തി ഓസിൽ വീണ്ടും മാതൃകയാവുന്നു

Image 3
EPLFeaturedFootball

കൊറോണ പല യൂറോപ്യൻ ക്ലബ്ബുകളെയും സാമ്പത്തികമായി തളർത്തിയിട്ടുണ്ട്. അതിന്റെ ബലിയാടാണ് ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സണലും. അതിനാൽ തന്നെ അനാവശ്യചിലവുകൾ ഒഴിവാക്കാനൊരുങ്ങുകയാണ് ആഴ്‌സണൽ. അത്തരം അനാവശ്യ ചിലവുകളിൽ ഉൾപ്പെട്ടിരിക്കുകയാണ് ആഴ്സണലിന്റെ മസ്‌കോട്ട്(ഭാഗ്യചിഹ്നം) ആയ ഗണ്ണേഴ്‌സോറസ്.

ആഴ്‌സണൽ ജേഴ്‌സി ധരിച്ച പച്ചനിറത്തിലുള്ള ദിനോസറാണ് ഗണ്ണേഴ്സോറസ്. 27 കൊല്ലമായി ആഴ്സണലിന്റെ സ്റ്റേഡിയത്തിൽ  മത്സരദിവസങ്ങളിൽ സ്ഥിരസാന്നിധ്യമാണ് ഗണ്ണേഴ്‌സോറസ്.  എന്നാൽ ചിലവ്ച്ചുരുക്കലിന്റെ ഭാഗമായി  അതിനെയും ഒഴിവാക്കുകയാണ് ആഴ്‌സണൽ.  ജെറി ഖുയ് എന്നയാളാണ് ഈ വേഷം ധരിച്ച് ഗണ്ണേഴ്‌സോറസായി പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ ഇത് അന്യം നിന്നു പോവാതിരിക്കാൻ സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പർതാരം മെസ്യൂട് ഓസിൽ. അനാവശ്യമായ 55 ചിലവുകളിൽ നിന്നും ഗണ്ണേഴ്സോറസിനെ ഒഴിവാക്കി ജെറിയുടെ സാലറി താൻ ആഴ്‌സണലിലുള്ളിടത്തോളം കാലം കൊടുക്കാമെന്ന വാഗ്ദാനമാണ് ഓസിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഓസിൽ ഇക്കാര്യം അറിയിച്ചത്.

“27 വർഷത്തിനു ശേഷം ആഴ്സണലിൽ നിന്നും ജെറി ഖുയ് അഥവാ നമ്മുടെ വിഖ്യാതവും വിശ്വസ്ത മാസ്‌കോട്ടുമായ ഗണ്ണേഴ്‌സോറസിനെ ഒഴിവാക്കുന്നതിൽ വലിയ വിഷമമുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ ആ ബിഗ് സ്ക്രീൻ വ്യക്തിയുടെ ശമ്പളം ഞാൻ ആഴ്സണലിൽ ഉള്ളിടത്തോളം നൽകാമെന്ന് ഓഫർ ചെയ്യുകയാണ് ” ഓസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആഴ്സണലിൽ പുറന്തള്ളപ്പെട്ടവനാണെങ്കിലും 20 മില്യൺ ഒരു വർഷം വാങ്ങുന്ന ഓസിലിന്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.