ഒടുവിൽ ആഴ്സണലിൽ നിന്നും സ്വതന്ത്രനായി ഓസിൽ, ടർക്കിഷ് ക്ലബ്ബിലേക്ക് ചേക്കേറിയേക്കും

ഒടുവിൽ ആഴ്സണലുമായുള്ള കരാർ ഇല്ലാതാക്കി ക്ലബ്ബ് വിടാനൊരുങ്ങുകയാണ് മെസ്യൂട് ഓസിൽ. ആഴ്സണലിൽ  ഇനിയും ആറു മാസത്തേക്ക് കൂടി കരാർ ഉണ്ടെങ്കിലും കരാർ റദ്ദാക്കി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനാണ് ഓസിലിന്റെ പദ്ധതി. ടർക്കിഷ് ക്ലബ്ബായ ഫെനെർബാഷേയിലേക്കാണ് ചെക്കേറുകയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാർച്ച്‌ മുതൽ ഓസിലിനു ആഴ്സണലിന്‌ വേണ്ടി കളത്തിലിറങ്ങാൻ  ഓസിലിനു സാധിച്ചിരുന്നില്ല.

ആഴ്സണലിന്റെ പുതിയ പരിശീലകൻ അർട്ടേറ്റക്കു കീഴിൽ തിളങ്ങാതെ പോയതാണ് ഓസിലിനു തിരിച്ചടിയായത്.  കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ താരത്തെ ആഴ്‌സണൽ വിൽക്കാനൊരുങ്ങിയെങ്കിലും ഓസിൽ അതിനെ അവഗണിച്ചു ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.  എന്നാൽ ഈ തീരുമാനം ആഴ്‌സണലിനെ ചൊടിപ്പിക്കുകയും പ്രീമിയർ ലീഗിലെയും  യൂറോപ്പ ലീഗിലെയും സ്‌ക്വാഡിൽ നിന്നും താരത്തെ ഒഴിവാക്കുകയായിരുന്നു.

കോവിഡ്  മൂലം സാമ്പത്തികമായി പ്രതിസന്ധിയിലായ ആഴ്‌സണൽ നിരവധി സാമ്പത്തികനടപടികൾ സ്വീകരിച്ചിരുന്നു. താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുകയും  അനാവശ്യചെലവുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഓസിൽ  ശമ്പളം വെട്ടിക്കുറക്കാൻ സമ്മതിക്കാതിരുന്നതും ക്ലബ്ബിനുള്ളിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. എന്തായാലും ക്ലബിനോട് യാതൊരു പ്രശ്നവും തനിക്കില്ലെന്നു അടുത്തിടെ ഓസിൽ ട്വിറ്ററിലൂടെ  വെളിപ്പെടുത്തിയിരുന്നു.

ആഴ്സണലിലേക്ക് ചേക്കേറാനെടുത്ത തീരുമാനത്തിൽ തനിക്കൊരിക്കലും ഖേദം തോന്നിയിട്ടില്ലെന്നാണ് ഓസിൽ അഭിപ്രായപ്പെട്ടത്. ചേക്കേറാനൊരുങ്ങി നിൽക്കുന്ന ടർക്കിഷ് ക്ലബ്ബായ ഫെനെർബാഷെ ടർക്കിയിലെ റയൽ മാഡ്രിഡ്‌ ആണെന്നും ഓസിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഡീൽ നടന്നാൽ ഇരുകൂട്ടർക്കും നല്ലതാവുമെന്നാണ് അർട്ടേറ്റ അഭിപ്രായപ്പെട്ടത്.

You Might Also Like