ടോട്ടനത്തിലേക്ക് ചെക്കേറുന്നതിനേക്കാൾ നല്ലത് വിരമിക്കുന്നതാണ്, ആഴ്സണലിലേക്ക് വന്നതിൽ ഖേദിക്കുന്നില്ലെന്നു ഓസിൽ

ആഴ്‌സണലിൽ അവസരങ്ങളില്ലാതെ ക്ലബ്ബ് വിടാനൊരുങ്ങുന്ന മധ്യനിരസൂപ്പർതാരമാണ് മെസ്യൂട് ഓസിൽ. പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും യൂറോപ്പ സ്‌ക്വാഡിൽ നിന്നും പുറത്താക്കിയതോടെ ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ താരത്തിനു സാധിച്ചിട്ടില്ല. ആഴ്സണലിന്റെ പുതിയ പരിശീലകനായ മൈക്കൽ അർട്ടേറ്റയുടെ കീഴിൽ ആദ്യ പതിനാറിൽ പന്ത്രണ്ടു മത്സരങ്ങൾ ഓസിലിനു കളിക്കാൻ സാധിച്ചെങ്കിലും കോവിഡ് പ്രതിസന്ധിക്കു ശേഷം ഫുട്ബോൾ തിരിച്ചെത്തിയതിനു ശേഷം ഓസിലിനു അവസരങ്ങൾ ലഭിച്ചിട്ടില്ല.

നിലവിലെ ഈ സാഹചര്യത്തിൽ ഓസിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണുള്ളത്. അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ഡിസി യുണൈറ്റഡിലേക്കോ ടർക്കിഷ് ക്ലബ്ബായ ഫെനർബാഷേയിലേക്കോ ചേക്കേറാനാണ് ഓസിലിന്റെ പദ്ധതി. ആഴ്സണലിൽ ഇത്തരത്തിൽ ദുരനുഭവം ഉണ്ടായെങ്കിലും അഴ്സണലിലേക്ക് വന്നതിൽ താൻ ഒരിക്കലും ഖേദിക്കുന്നില്ലെന്നാണ് ഓസിലിന്റെ പക്ഷം. ട്വിറ്ററിലൂടെ നടത്തിയ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു ഓസിൽ.

“തീർച്ചയായും ഒരുപാട് ഉയർച്ചകളും താഴ്ചകളും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇക്കാലമത്രയും ആഴ്സണലിൽ ചേർന്നതിൽ എനിക്കിതുവരെ ഖേദം തോന്നിയിട്ടില്ല. സത്യം പറഞ്ഞാൽ കൊറോണക്ക് മുൻപ് കളിച്ച മത്സരങ്ങൾ എനിക്കു വളരെയധികം സന്തോഷം നൽകിയിട്ടുണ്ട്. ആ സമയം ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു. ആ സമയത്തു ഞങ്ങൾ വളരെയധികം പോസിറ്റീവ് ആയിരുന്നു. എന്നാൽ അവധിക്കു ശേഷം എല്ലാം മാറി മറിയുകയായിരുന്നു.” ഓസിൽ പറഞ്ഞു.

ചെറുപ്പം മുതലേ ഫെനർബാഷേ ക്ലബ്ബ് ആരാധകനായിരുന്നു താനെന്നും തുർക്കിയിലെ റയൽ മാഡ്രിഡാണ് ഫെനർബാഷേയെന്നും ഓസിൽ പറഞ്ഞു. എന്നാൽ ഇംഗ്ലണ്ടിലെ മറ്റൊരു ക്ലബ്ബായ ടോട്ടനത്തിലേക്ക് ചേക്കേറുന്നതിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനും ഓസിൽ മറുപടി നൽകി. ആഴ്സണലിന്റെ ചിരവൈരികളായ ടോട്ടനത്തിലേക്ക് പോകുന്നതിനേക്കാൾ വിരമിക്കാനാണ് തനിക്കിഷ്ടമെന്നാണ് ഓസിൽ മറുപടി നൽകിയത്.

You Might Also Like