ഇവാൻ വുകോമനോവിച്ചിനെ നഷ്‌ടപ്പെടുത്തരുത്, ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എതിർടീം പരിശീലകന്റെ മുന്നറിയിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോം തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സി അവരുടെ മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചതോടെ ഐഎസ്എൽ രണ്ടാം പകുതിയിൽ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുന്നത്. ആരാധകർക്ക് വലിയ നിരാശയാണ് ഈ തോൽവികൾ സമ്മാനിക്കുന്നത്.

ഐഎസ്എൽ ആദ്യപകുതി അവസാനിക്കുമ്പോൾ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീം ഇത്തരത്തിൽ മോശം ഫോമിലേക്ക് വീണതിൽ പരിശീലകനെതിരെയും ആരാധകരുടെ രോഷമുണ്ട്. എന്നാൽ ഇവാൻ വുകോമനോവിച്ചിനെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് ഇന്നലത്തെ മത്സരത്തിന് ശേഷം ചെന്നൈ എഫ്‌സി പരിശീലകൻ ഇവാൻ കോയൽ പറഞ്ഞത്.

“ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം പണം മുടക്കിയ ടീം കേരള ബ്ലാസ്റ്റേഴ്‌സ് അല്ല. ഇവാൻ വുകോമനോവിച്ച് മികച്ച പ്രകടനമാണ് ടീമിനൊപ്പം നടത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല. ഒരുപാട് പരിക്കുകൾ ടീമിന് സംഭവിച്ചു, യുവതാരങ്ങൾക്ക് അദ്ദേഹം അവസരവും നൽകി. അദ്ദേഹത്തെയും ടീമിനെയും സംബന്ധിച്ച് ബുദ്ധിമുട്ടേറിയ സമയമാണിപ്പോൾ.” കോയൽ പറഞ്ഞു.

അടുത്ത മത്സരത്തിൽ ഐഎസ്എല്ലിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നായ എഫ്‌സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. സ്വന്തം മൈതാനത്താണ് മത്സരമെന്നത് മാത്രമാണ് ടീമിന് പ്രതീക്ഷ നൽകുന്ന കാര്യം. അതിലും തോൽവി വഴങ്ങിയാൽ അതോടെ ടീമിന്റെ അവസ്ഥ പരിതാപകരമായിരിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു സമനില നേടിയാലും അത് ബ്ലാസ്റ്റേഴ്‌സിന് നേട്ടമാണ്.

You Might Also Like