ബ്ലാസ്‌റ്റേഴ്‌സില്‍ ചേരാന്‍ ആഗ്രഹിച്ച വിദേശ താരത്തിന് മനംമാറ്റം, ഈസ്റ്റ് ബംഗാളില്‍ തുടരും

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച ഇന്ത്യന്‍ വംശജനായ ഇറാനിയന്‍ വിംഗര്‍ ഒമിത് സിംഗ് ഈസ്റ്റ് ബംഗാളില്‍ തുടരുമെന്നു സൂചന. നിലവില്‍ ഒമിത് സിംഗുമായി ഈസ്റ്റ് ബംഗാള്‍ 2022 വരെ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ത്രിശങ്കുവിലായപ്പോഴാണ് മറ്റ് ഇന്ത്യന്‍ ക്ലബുകളിലേക്ക് ചേക്കേറാന്‍ ഒമിത് ശ്രമിച്ചത്.

ആറു മാസങ്ങള്‍ക്കു മുമ്പാണ് താരം ഈസ്റ്റ് ബംഗാളുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. നിലവില്‍ ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം സാധ്യമായി വന്നതോടെ താരം ക്ലബ്ബില്‍ തന്നെ തുടര്‍ന്നേക്കും.

ഇന്ത്യയില്‍ തന്നെ കളിക്കാനാണ് തനിക്ക് താല്‍പര്യം എന്ന് താരം മുമ്പ് പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിനായി കളിക്കാനും ഒമിത് സിംഗിന് പദ്ധതിയുണ്ട്. ഇന്ത്യന്‍ പരിശീലകന്റെ പിന്തുണയും ഇക്കാര്യത്തിലുണ്ട്. ഇതിനായി ഇന്ത്യന്‍ വംശജരെ കൂടി ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കണമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോട് സ്റ്റിമാച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

27 വയസുകാരനായ ഒമിത് സിങ് പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗ് ക്ലബ്ബായ മസ്ജദ് സൊലയ്മാന്‍ എഫ്‌സിക്കുവേണ്ടിയാണ് അവസാനമായി ജേഴ്സി അണിഞ്ഞത്. വിവിധ ഇറാനിയന്‍ ക്ലബുകളില്‍ പന്ത് തട്ടിയിട്ടുളള 27കാരനായ ഒമിത് വിംഗറാണ്. 2013 മുതല്‍ വിവിധ ഇറാനിയന്‍ പ്രെഫഷണല്‍ ക്ലബുകളില്‍ കളിച്ചിട്ടുളള 27കാരന്‍ 117 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളാണ് ഇതുവരെ നേടിയിട്ടുളളത്.

You Might Also Like