യൂറോപ്പില്‍ നിന്നും ഇറാനില്‍ നിന്നും ഓഫറുകള്‍, ഒമിത് ഇന്ത്യയിലേക്കില്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത്തവണ പന്ത് തട്ടുമെന്ന് പ്രതീക്ഷിച്ച താരമാണ് ഇറാനിന്റെ ഇന്ത്യന്‍ വംശജനായ ഒമിത് സിംഗ്. ഇന്ത്യന്‍ ജെഴ്‌സി കൂടി ലക്ഷ്യംവെച്ചായിരുന്നു 27കാരനായ ഒമിത്ത് ഐഎസ്എല്ലില്‍ പന്ത് തട്ടാനൊരുങ്ങിയത്. എന്നാല്‍ ഒമിതിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഐഎസ്എല്‍ ലക്ഷ്യമിട്ട് ഒമിത് സിംഗ് ഈസ്റ്റ് ബംഗാളുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഈസ്റ്റ് ബംഗാളിന് ഐഎസ്എല്ലില്‍ പ്രവേശിക്കാനാകാതെ പോയതോടെ ഒമിത് സിംഗ് മറ്റ് സാധ്യതകള്‍ തേടുകയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒട്ടുമിക്ക ക്ലബുകളിലേക്കും ചേരാനായി സിവി അയച്ച ഒമിത്തിന് പക്ഷെ ഇതുവരെ ഒരു ഇന്ത്യന്‍ ക്ലബും സ്വന്തമാക്കാന്‍ മുന്നോട്ട് വന്നിട്ടില്ല.

ഒമിത് സിംഗിന്റെ ഉയര്‍ന്ന വേതനമാണ് ഐഎസ്എല്‍ ക്ലബുകളെല്ലാം തന്നെ താരത്തെ സ്വന്തമാക്കുന്നതില്‍ നിന്നും പിന്‍വലിഞ്ഞത്. മാത്രമല്ല ഐഎസ്എല്‍ ക്ലബുകല്‍ എല്ലാം തന്നെ മറ്റ് വിദേശ താരങ്ങളെ ഇതിനോടകം തന്നെ നോട്ടമിട്ടും ചര്‍ച്ചകള്‍ ആരംഭിച്ചും കഴിഞ്ഞിരുന്നു. ഏറ്റവും അവസാനം ജംഷഡ്പൂര്‍ ഒമിത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

ഇതോടെയാണ് ഒമിത് സിംഗ് ഇന്ത്യയ്ക്ക് പുറത്തെ മറ്റ് സാധ്യതകള്‍ തേടുന്നത്. നിലവില്‍ അസര്‍ബൈചാലന്‍, ബെലാറസ്, തുടങ്ങി മറ്റ് ചില യൂറോപ്യന്‍ ക്ലബുകളില്‍ നിന്നും ഒമിത്തിന് ഓഫറുകളുണ്ട്. ഇറാനിലേക്കുളള മടക്കവും താരം പരിഗണിക്കുന്നുണ്ട്. ഏതാനും ആഴ്ച്ചക്കുളളില്‍ ഒമിത്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും.

അതെസമയം ഇതോടെ ഇന്ത്യന്‍ ടീമിലുളള പ്രവേശനം എന്ന ഒമിത്തിന്റെ ആഗ്രഹം ഏതാണ്ട് ഇരുളടയും. ഇത് ഒമിത്തിന് വലിയ തിരിച്ചടിയാണ്.

You Might Also Like