തകര്‍ത്തടിച്ച് ഇന്ത്യ-പാക് താരങ്ങള്‍, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ ജയവുമായി ഒമാന്‍

ടി20 ലോകകപ്പിലെആദ്യ യോഗ്യതാ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ആതിഥേയരായ ഒമാന്‍. പാപുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തകര്‍ത്താണ് ഒമാന്‍ ആദ്യ ജയം ആഘോഷിച്ചത്. പാപുവ ന്യൂ ഗിനിയ മുന്നോട്ടുവെച്ച 130 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒമാന്‍ അടിച്ചെടുത്തു.

ഇന്ത്യ-പാക് വംശജരായ ഓപ്പണര്‍മാരാണ് ഒമാന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ജതീന്ദര്‍ സിംഗ് 42 പന്തില്‍ 73 റണ്‍സും അഖിബ് ഇല്യാസ 43 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് വിക്കറ്റുമായി നേരത്തെ പാപുവ ന്യൂ ഗിനിയയെ ചുരുട്ടിക്കെട്ടിയ ഒമാന്‍ നായകന്‍ സീഷാന്‍ മഖ്സൂദാണ കളിയിലെ താരം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാപുവ ന്യൂ ഗിനിയ തുടക്കത്തിലെയും ഒടുക്കത്തിലേയും തകര്‍ച്ചയ്ക്ക് ശേഷം 20 ഓവറില്‍ 9 വിക്കറ്റിന് 129 റണ്‍സെടുത്തു. ഒരവസരത്തില്‍ 102-4 എന്ന നിലയിലായിരുന്ന പാപുവ ന്യൂ ഗിനിയയെ നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ ഒമാന്‍ നായകന്‍ സീഷാന്‍ മഖ്സൂദാണ് തകര്‍ത്തത് വിറപ്പിച്ചത്. ബിലാല്‍ ഖാനും ഖലീമുള്ളയും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ അനായാസം വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തുകയായിരുന്നു ഒമാന്‍. ഓപ്പണര്‍മാരായ അഖിബ് ഇല്യാസും ജതീന്ദര്‍ സിംഗും പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സ് നേടി. 12-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. സിക്സറോടെ ജതീന്ദര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നാലെ ഇല്യാസും ഫിഫ്റ്റി തികച്ചതോടെ ഒമാന്‍ ജയത്തിന് അഞ്ച് റണ്‍സ് മാത്രം അടുത്തെത്തി. തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി ജതീന്ദര്‍ ഒമാന് കൂറ്റന്‍ ജയം സമ്മാനിക്കുകയായിരുന്നു.

You Might Also Like