ലോകകപ്പിന് വേദിയാകുക യുഎഇയ്ക്ക് പുറമെ മറ്റൊരു രാജ്യവും

Image 3
CricketCricket News

കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മാറ്റിയ ടി20 ലോകകപ്പിന്റെ വേദി രണ്ട് രാജ്യങ്ങളിലായാണ് നിശ്ചയിക്കാനൊരുങ്ങുന്നത്. യുഎഇയിലും ഒമാനിലുമായാണ് ഇത്തവണത്തെ ടിട്വന്റി ലോകകപ്പ് നടത്തുന്നതിനെ കുറിച്ച് ഐസിസി ആലോചിക്കുന്നത്.

യുഎഇയിലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നീ മൂന്ന് വേദികള്‍ക്ക് പുറമെയാണ് മറ്റൊരു ഗള്‍ഫ് രാജ്യമായ ഒമാനിലും ലോകകപ്പ് നടത്താനൊരുങ്ങുന്നത്. പ്രമുഖ കായിക മാധ്യമമായ ക്രിക്കറ്റ് ബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനായ പങ്കജ് ഖിംജിയുമായി ദുബായില്‍ വെച്ച് കഴിഞ്ഞയാഴ്ച ബിസിസിഐ ഒഫീഷ്യലുകള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റില്‍ ലോക കപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഒമാനില്‍ ഐസിസി അംഗീകാരം ലഭിച്ച രണ്ട് സ്റ്റേഡിയങ്ങളാണ് ഉളളത്. ഒമാന്‍ ടി20 ലോകകപ്പിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഒന്നാം റൗണ്ട് മത്സരങ്ങള്‍ മാത്രമാകും ഇവിടെ നടക്കുക. ഒക്ടോബര്‍ 18 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന ഒന്നാം റൗണ്ടില്‍ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. ഈ റൗണ്ടില്‍ നിന്ന് നാല് ടീമുകളാണ് ലോകകപ്പിന്റെ സൂപ്പര്‍ 12 ഘട്ടത്തിലേക്ക് യോഗ്യത നേടുക.

ഇതില്‍ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് വന്‍ ഈ വര്‍ഷത്തെ അഫ്ഗാന്‍-സിംബാബ്വെ ടെസ്റ്റ് പരമ്പരയിലെ വേദികളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതാണ്. എന്നാല്‍ സിംബാബ്വെ അങ്ങോട്ടേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ ഇവിടെ മത്സരം നടന്നിരുന്നില്ല.