രോഹിത്തിന് വിനയായത് കോഹ്ലിപ്പകയോ?, സത്യം അറിയാന്‍ അവകാശമുണ്ടെന്ന് ഇന്ത്യന്‍ താരം

Image 3
CricketCricket News

നവംബര്‍ അവസാനം ആരംഭിക്കാനിരിക്കുന്ന ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് മൂന്ന് ഫോര്‍മാറ്റലേക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രോഹിത്തിനെ ടീമിലേക്ക് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നത് അവ്യക്തമാണ്. രോഹിത്തിനെ ടീമിലുള്‍പ്പെടുത്താത്തതിന്റെ കാരണമറിയാന്‍ ആരാധകര്‍ക്ക് അവകാശമുണ്ടൊണ് ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യന്‍ നായകനുമായിരുന്ന സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.

രോഹിത്തിനെ ഒഴിവാക്കി ടീം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ രോഹിത് നെറ്റ്സില്‍ പരിശീലിക്കുന്ന ചിത്രം മുംബൈ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ രോഹിത്തിനെ ഓസീസ് പരമ്പരയില്‍ നിന്ന് മനപ്പൂര്‍വം തഴഞ്ഞതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രോഹിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തിനെന്ന ചോദ്യവുമായി ഗവാസ്‌കര്‍ രംഗത്ത് വന്നത്.

‘ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇനി ഒന്നര മാസം കൂടിയുണ്ട്. മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ പരിശീലനം പുനരാരംഭിച്ച സാഹചര്യത്തില്‍ എന്തുതരം പരിക്കാണ് അദ്ദേഹത്തിനെന്ന് സത്യസന്ധമായി പറഞ്ഞാല്‍ മനസിലാകുന്നില്ല.അല്‍പ്പം സുതാര്യമായി എന്താണ് പ്രശ്‌നമെന്ന് തുറന്ന് പറയുകയാണെങ്കില്‍ എല്ലാവര്‍ക്കുമത് ഉപകാരമായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത് അറിയാന്‍ അവകാശമുണ്ട്. ഫ്രാഞ്ചൈസി മത്സരത്തെക്കുറിച്ചല്ല ഇന്ത്യന്‍ ടീമിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മായങ്ക് അഗര്‍വാളിന് പരിക്കേറ്റിട്ടും ടീമില്‍ അവസരമുണ്ട്’ ഗവാസ്‌കര്‍ പറഞ്ഞു.

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയെ തഴയാനുള്ള കാരണം അദ്ദേഹത്തിന്റെ ഫിറ്റ്നസ് ഇല്ലായ്മയാണെന്ന തരത്തില്‍ റിപ്പോട്ടുകളുണ്ട്. ലോക്ഡൗണിലെ വിശ്രമത്തെത്തുടര്‍ന്ന് വണ്ണം കൂടിയത് രോഹിതിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന തരത്തിലും സംസാരമുണ്ട്. എന്നാല്‍ രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ സംബന്ധിച്ച് വ്യക്തമായി ഉത്തരം നല്‍കാന്‍ സെലക്ടര്‍മാരോ ബി.സി.സി.ഐ വൃത്തങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല.

ഫിറ്റ്‌നസില്ലാത്ത താരങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന നായകന്‍ കോഹ്ലിയുടെ നിലപാടാണ് രോഹിത്തിന് തിരിച്ചടിയായതെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.