ഗംഭീര്‍ പേടി, കോഹ്ലിയും രോഹിത്തുമടക്കം അഭ്യന്തര ക്രിക്കറ്റ് കളിയ്ക്കുന്നു
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റമാണ്് നടക്കുന്നത്. ഇതില്‍ ഏറ്റവും പ്രകടമായത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും യുവതാരങ്ങള്‍ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ്. ഇത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഐപിഎല്ലിന് പുറത്തുള്ള ആഭ്യന്തര ക്രിക്കറ്റില്‍ കോഹ്ലിയും രോഹിത്തും കളിക്കാന്‍ ഒരുങ്ഹുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റിലാണ് ഇരുവരും കളിക്കുക.
കോഹ്്‌ലിക്കും രോഹിത്തിനും പുറമെ, ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുള്ള ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് തുടങ്ങിയവരും ദുലീപ് ട്രോഫിയില്‍ കളിക്കും.
എന്നാല്‍, പേസര്‍ ജസ്പ്രീത് ഭുംറയ്ക്ക് ദുലീപ് ട്രോഫിയില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. അടുത്ത നാല് മാസത്തിനുള്ളില്‍ ഇന്ത്യ 10 ടെസ്റ്റുകള്‍ കളിക്കേണ്ടതിനാല്‍ ഭുമ്രയെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പൂര്‍ണമായും വിശ്രമിക്കാന്‍ അനുവദിക്കുന്ന കാര്യവും സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതായിരിക്കുമെന്നും പരിക്കില്‍ നിന്ന് മുക്തനായ മുഹമ്മദ് ഷമി തിരിച്ചെത്തുമെന്നതും ഭുംറയ്ക്ക് വിശ്രമം നല്‍കാനുള്ള തീരുമാനത്തെ സ്വാധീനിച്ചേക്കാം.
ദുലീപ് ട്രോഫിക്കുള്ള ടീമുകളെ ഇത്തവണ സോണല്‍ ടീമുകളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ദേശീയ സെലക്ടര്‍മാര്‍ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിങ്ങനെ നാല് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക. ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ചെന്നൈയില്‍ പരിശീലന ക്യാമ്പ് നടക്കും.
വിരാട് കോലിയും രോഹിത് ശര്‍മ്മയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ദുലീപ് ട്രോഫി കളിക്കാന്‍ സന്നദ്ധത അറിയിച്ചത് ബിസിസിഐയുടെ നിലപാട് മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍, സീനിയര്‍ താരങ്ങള്‍ കൂടി കളിക്കുന്ന പശ്ചാത്തലത്തില്‍ ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്.
സെപ്റ്റംബര്‍ അഞ്ച് മുതല്‍ 24 വരെയാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ നടക്കുക. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ 19 ന് ചെന്നൈയില്‍ ആരംഭിക്കും.