ഓഗ്‌ബെചെയുടെ പകരക്കാരന്‍, പലവട്ടം ചര്‍ച്ച നടത്തി കിബുവും കരോളിസും, സൂചനകളിങ്ങനെ

ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന് ഉറപ്പായ നായകന്‍ ബെര്‍ത്തലോമിയോ ഓഗ്‌ബെചെയുടെ പകരക്കാരനെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി മാനേജുമെന്റ്. പുതിയൊരു സ്‌ട്രൈക്കറെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെ ചുമലിലാണ്.
ഓഗ്‌ബെച്ചെയ്ക്കു പകരക്കാരനെ കണ്ടെത്താന്‍ സ്‌കിന്‍കിസും കോച്ച് കിബു വിക്കൂനയും പലവട്ടം ചര്‍ച്ചകള്‍ നടത്തിയെന്നാണു സൂചന. ഭീമമായ പ്രതിഫലം നല്‍കാതെയൊരു വിദേശ സ്‌ട്രൈക്കറെയാണു തേടുന്നത്. ഡച്ച് ലീഗില്‍ നിന്നോ സൗത്ത് അമേരിക്കന്‍ ലീഗില്‍ നിന്നോ കിബുവിന്റെ ശൈലിക്ക് യോജിച്ച താരത്തെ കണ്ടെത്താനുളള ശ്രമമാണ് കരോളിസ് സ്‌കിന്‍കിസ് നടത്തുന്നത്.
ഇതിനായി അഞ്ചോളം താരങ്ങളെ ഇതിനോടകം തന്നെ സ്‌പോട്ടിംഗ് ഡയറക്ടര്‍ ബന്ധപ്പെട്ട് കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയുടെ സംതൃപ്തി മാത്രമാണ് കരോളിസ് തേടുന്നത്. മറ്റ് സമ്മര്‍ദ്ദങ്ങളൊന്നും കരോളിസ് വകവെക്കില്ല.
കഴിഞ്ഞ ദിവസമാണ് ഓഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു എന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമായത്. മുംബൈ സിറ്റി എഫ്‌സിയിലേക്കാണ് ഓഗ്‌ബെചെ പോകുന്നതെന്നാണ് സൂചന. ലോക ഫുട്‌ബോളിലെ തന്നെ അതിശക്തരായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ തണലിലേക്ക് മാറിയതോടെ മുംബൈ സിറ്റി എഫ്‌സിയുമായി ഓഗ്‌ബെചെയെ നിലനിര്‍ത്താന്‍ മത്സരിച്ചിട്ട് കാര്യമില്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിലയിരുത്തല്‍.
മുംബൈയുമായി അവസാനവട്ട ചര്‍ച്ചകളിലാണ് താരം. പ്രതിഫലം സംബന്ധിച്ചു തീരുമാനം ആവാത്തതിനാല്‍ പിരിയാമെന്ന ധാരണയില്‍ ബ്ലാസ്റ്റേഴ്‌സും ഓഗ്‌ബെച്ചെയും എത്തുകയായിരുന്നു. വേതനം കുറയ്ക്കണമെന്നു ക്ലബ് ഓഗ്‌ബെച്ചെയോട് ആവശ്യപ്പെട്ടിരുന്നു.
അന്തിമ തീരുമാനമായിട്ടില്ലെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ മികച്ച ഓഫര്‍ നല്‍കുന്ന മുംബൈ സിറ്റിയെ ഓഗ്‌ബെച്ചെ കൈവിടാന്‍ സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍.