ഡീല്‍ ഡണ്‍, സൂപ്പര്‍ താരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെട്ടു

കേരള ബ്ലാസ്റ്റേഴ്സ് നായകനെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കിയെന്ന് ഏതാണ്ട് ഉറപ്പായി. മുംബൈയില്‍ നിന്നുളള സൂചകള്‍ പ്രകാരം താരം ക്ലബുമായി കരാര്‍ ഒപ്പിട്ട് കഴിഞ്ഞന്നാണ് ലഭിക്കുന്ന വിവരം. ബ്ലാസ്റ്റേഴ്സ് നല്‍കിയതിനേക്കാള്‍ മികച്ച പ്രതിഫലത്തിനാണ് ഈ നൈജീരിയന്‍ സ്ട്രൈക്കര്‍ മുംബൈ സിറ്റി എഫ്സിയിലെത്തിയിരിക്കുന്നത്.

മുംബൈ സിറ്റിയുടെ പുതിയ കോച്ച് സെര്‍ജിയോ ലൊബേരയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മുന്‍ പിഎസ്ജി സൂപ്പര്‍ താരത്തെ ക്ലബ് ബ്ലാസ്റ്റേഴ്സില്‍ നിന്ന റാഞ്ചിയത്. കഴിഞ്ഞ സീസണില്‍ ലൊബേര പരിശീലിപ്പിച്ച എഫ്‌സി ഗോവയ്‌ക്കെതിരെ ഓഗ്‌ബെചെ നടത്തിയ പ്രകടനത്തില്‍ ആകൃഷ്ടനായാണ് കോച്ച് ഓഗ്‌ബെചെയെ ടീമിലെത്തിക്കാന്‍ ക്ലബ് മാനേജുമെന്റിന് നിര്‍ദേശം നല്‍കിയത്.

നേരത്തെ തന്നെ എഫ്‌സി ഗോവയുടെ മികച്ച താരങ്ങളെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി ഏഴാം സീസണ് വന്‍ തയ്യാറെടുപ്പാണ് നടത്തുന്നത്. എഫ്‌സി ഗോവ നായകനായിരുന്ന മന്ദാര്‍ റാവും ദേശായി, പ്രതിരോധനിരയിലെ വന്‍മതിലുകളായിരുന്ന മുര്‍തദ്ദ ഫാള്‍, അഹ്മദ് ജെഹ്‌റു എന്നിവരെ ഇതിനോടകം തന്നെ മുംബൈ സിറ്റി തങ്ങളുടെ നിരയിലെത്തിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഓഗ്‌ബെചെയെ കൂടി സിറ്റി ഗ്രൂപ്പ് റാഞ്ചുന്നത്. ഗോവയുടെ മറ്റൊരു സൂപ്പര്‍ താരം കോറോയും മുംബൈയിലെത്തുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഓഗ്‌ബെചെ. ടീം നേടിയ 29 ഗോളുകളില്‍ 15ഉം നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായും ഓഗ്‌ബെചെ മാറിയിരുന്നു.

201819 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ കളിച്ചാണ് ഓഗ്‌ബെചെ ഇന്ത്യയില്‍ ആദ്യമായി പന്ത് തട്ടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ശേഷമാണ് കോച്ച് എല്‍ക്കോ ഷറ്റോരിയ്‌ക്കൊപ്പം താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂറുമാറിയത്. എല്‍ക്കോയെ ഒരു സീസണ് ശേഷം ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയതോടെയാണ് ടീമിന്റെ നായകനായ ഓഗ്‌ബെചെയും ക്ലബും തമ്മില്‍ ആസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ കാരണം. ഇതിനിടെ പ്രതിഫലം വെട്ടികുറക്കാന്‍ ക്ലബ് ആവശ്യപ്പെട്ടതും ഓഗ്‌ബെചെയെ ചൊടിപ്പിച്ചിരുന്നു.

You Might Also Like