സാറിയെ പുറത്താക്കി യുവന്റസ്, ചാമ്പ്യൻസ്‌ ലീഗ് തോൽവി വിനയായി

ചാമ്പ്യൻസ്‌ ലീഗ് പ്രീക്വാർട്ടറിൽ ലിയോണിനോട് തോൽവിയേറ്റുവാങ്ങിയതോടെ യുവന്റസ് നിലവിലെ പരിശീലകനായ മൗറിസിയോ സാറിയെ പുറത്താക്കിയിരിക്കുകയാണ്. പരിശീലകനും യുവന്റസ് പ്രസിഡന്റായ ആന്ദ്രേ ആഗ്നെല്ലിയും ഡയറക്ടർമാരുമായി നടന്ന ചർച്ചക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

ജുവന്റസിനു ഇന്ററുമായി വെറും ഒരു പോയിന്റ് വ്യത്യാസത്തിൽ തുടർച്ചയായ ഒമ്പതാമത്തെ സീരി എ കിരീടം നേടിക്കൊടുത്തുവെങ്കിലും ആകർഷകമായ ഫുട്ബോൾ നൽകുന്നതിൽ സാറി പരാജയമായിരുന്നു. കൂടാതെ ലാസിയോയുമായി നടന്ന ഫൈനലിൽ സൂപ്പർ കോപ്പ ഇറ്റാലിയ നഷ്ടപ്പെട്ടതും കോപ്പ ഇറ്റാലിയ യുവന്റസിനെ മറികടന്നു നാപോളി സ്വന്തമാക്കിയതും സാറിക്ക് വിനയാവുകയായിരുന്നു.

ജുവന്റസിനു വേണ്ടി 51 മത്സരങ്ങളിൽ പരിശീലിപ്പിച്ച മൗറിസിയോ സാറി 34 വിജയങ്ങളിലും 8 സമനിലകളിലും 9 തോൽവികളിലും പങ്കാളിയായി. അദ്ദേഹത്തിനു കീഴിൽ 100 ഗോളുകൾ നേടിയ യുവന്റസ് 55 ഗോളുകൾ വഴങ്ങിയിട്ടുണ്ട്. 2023 വരെ യുവന്റസിൽ കരാറുണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് തോൽവിയോടെ സാറിയുടെ ജുവന്റസിലെ കരിയറിന് വിരാമമായിരിക്കുകയാണ്.

പകരം ആരായിരിക്കും പരിശീലകസ്ഥാനം ഏറ്റെടുക്കുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. മുൻ ടോട്ടൻഹാം പരിശീലകൻ പോച്ചെട്ടിനോ, നിലവിലെ ലാസിയോ പരിശീലകൻ സിമോനെ ഇൻസാഗി എന്നിവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് അഭ്യൂഹങ്ങൾ. മുൻ പരിശീലകനായ മാസിമിലിയാനോ അല്ലെഗ്രിയെ തിരിച്ചു വിളിക്കാനും യുവന്റസിനു പദ്ധതിയുണ്ട്.

.

 

You Might Also Like