ഇനി കളി പ്രിയ ആശാനൊപ്പം പ്രീമിയർ ലീഗിൽ, റോഡ്രിഗസിനെ എവർട്ടൺ സ്വന്തമാക്കി

Image 3
EPLFeaturedFootball

റയൽ മാഡ്രിഡിൽ നിന്നും ജെയിംസ് റോഡ്രിഗസിന്റെ ട്രാൻസ്ഫർ എവർട്ടൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ വഴിയാണ് റയൽ മാഡ്രിഡിൽ നിന്നും റോഡ്രിഗസിനെ സ്വന്തമാക്കിയതായി എവർട്ടൺ ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ഇരുപത്തിയൊമ്പതുകാരനായ താരത്തെ ഇരുപത് മില്യൺ പൗണ്ടിനാണ് എവർട്ടൺ സ്വന്തം കൂടാരത്തിലെത്തിച്ചത്.

രണ്ട് വർഷത്തെ കരാറിലാണ് റോഡ്രിഗസ് എവർട്ടണുമായി ഒപ്പുവെച്ചിരിക്കുന്നത്. നിലവിലെ എവർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ പ്രിയതാരമാണ് റോഡ്രിഗസ്. റയൽ മാഡ്രിഡിൽ ആയിരുന്ന കാലത്തും ബയേൺ മ്യൂണിക്കിൽ ആയിരുന്ന കാലത്തും താരത്തെ ടീമിലെത്തിക്കാൻ കൂടുതൽ താത്പര്യം കാണിച്ചത് ആഞ്ചലോട്ടി തന്നെയായിരുന്നു. ഇപ്പോൾ എവർട്ടണിലും താരത്തെ എത്തിച്ചു കൊണ്ട് ആ ബന്ധം ശക്തമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരിക്കുകയാണ്.

“എന്റെ കരിയറിലെ പുതിയൊരു വെല്ലുവിളി ആരംഭിക്കുന്നു. ഞാൻ സന്തോഷവാനാണ്. ആത്മാർത്ഥയോട് കൂടെയും ആഗ്രഹങ്ങളോട് കൂടെയും ഞാൻ ഇവിടെ പുതിയ തുടക്കം കുറിക്കും” ട്രാൻസ്ഫറിനു ശേഷം റോഡ്രിഗസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 2014-ലെ വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനത്തിനു ശേഷമാണ് റോഡ്രിഗസ് ഇത്രയേറെ പ്രശസ്തിയിലേക്കുയർന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട റയൽ മാഡ്രിഡ്‌ 2014-ൽ മൊണോക്കോയിൽ നിന്ന് താരത്തെ റാഞ്ചുകയായിരുന്നു.

എന്നാൽ റയലിൽ പ്രതീക്ഷിച്ച പോലെ താരത്തിന് തിളങ്ങാനായില്ല. തുടർന്ന് 2017-ൽ താരം ബയേൺ മ്യൂണിക്കിലേക്ക് രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിൽ കൂടുമാറി. അതിനു ശേഷം റയലിലേക്കു തന്നെ തിരിച്ചെത്തിയെങ്കിലുംസിദാന് കീഴിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ റോഡ്രിഗസ് റയൽ മാഡ്രിഡ്‌ വിടാൻ അനുമതി ആവശ്യപ്പെടുകയായിരുന്നു. താരത്തെ ട്രാൻസ്ഫർ വിപണിയിൽ ഉൾപ്പെടുത്താൻ തന്നെയായിരുന്നു സിദാന്റെയും നീക്കം.