എതിരാളികള്‍ക്ക് ഇടിത്തീ, സൂപ്പര്‍ പരിശീലകനേയും റാഞ്ചി ഒഡീഷ എഫ്‌സി

ഐഎസ്എല്‍ ക്ലബായ ഒഡീഷ എഫ്സി ഇംഗ്ലീഷ് പരിശീലകനായ സ്റ്റുവാര്‍ട്ട് ബാക്സ്റ്ററിനെ പുതിയ പരിശീലകനായി നിയമിച്ചതായി റിപ്പോര്‍ട്ട്. രണ്ട് തവണയായി ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനെ മൂന്ന് വര്‍ഷം പരിശീലിപ്പിച്ചിട്ടുളള കോച്ചാണ് ബാക്സ്റ്റര്‍.

ഇക്കഴിഞ്ഞ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ദക്ഷിണാഫ്രിക്കയെ ക്വാര്‍ട്ടറിലേക്ക് നയിച്ചതാണ് ബാക്സ്റ്ററായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ ബാക്സ്റ്റര്‍ പിന്നീട് ഒരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. ഈ അവസരം വിനിയോഗിച്ചാണ് സൂപ്പര്‍ കോച്ചിനെ ഒഡീഷ ഇന്ത്യയിലെത്തിക്കുന്നത്.

നേരത്തെ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീം പരിശീലകനായിരുന്നു ബാക്സ്റ്റര്‍. ഫിന്‍ലന്‍ഡ് ദേശീയ ടീമിനേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. വിവിധ ജാപ്പനീസ്, ദക്ഷിണാഫ്രിക്കന്‍ ക്ലബുകളുടേയും മാനേജറായിട്ടുണ്ട് ബാക്സ്റ്റര്‍.

ജോസെപ് ഗോമ്പോയാണ് ഒഡീഷയുടെ ആദ്യ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ അരങ്ങേറിയ ഒഡീഷ പ്ലേഓഫിന് അടുത്തെത്തിയിരുന്നു. ഡല്‍ഹി ഡൈനാമോസെന്നായിരുന്നു ഒഡീഷയുടെ ആദ്യ പേര്.

You Might Also Like