വിശ്വസിച്ചേ തീരൂ, സ്പാനിഷ് സൂപ്പര്‍ താരത്തെ റാഞ്ചി ഐഎസ്എല്‍ ക്ലബ്

ലോകഫുട്‌ബോളിലെ ഇതിഹാസ താരം ഡേവിഡ് വിയ്യയെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് ഒഡീഷ എഫ്‌സി. ഒഡീഷ എഫ്‌സിയുടെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഓപ്പറേഷന്‍സ് തലവനായാണ് വിയ്യയുടെ ഐഎസ്എല്‍ അരങ്ങേറ്റം. ഒഡീഷ എഫ്‌സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

”ടീമിനായി കളിക്കുമോ എന്നതായിരുന്നു ഒഡീഷയുടെ ആദ്യ ചോദ്യം. ശരിയായ സമയമായെന്ന് തോന്നിയതുകൊണ്ടാണ് ഇനി കളിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം ഞാന്‍ തീരുമാനിച്ചത്. എനിക്ക് ഇപ്പോള്‍ ഫുട്‌ബോള്‍ കളിക്കാനാവില്ലെന്ന് ഞാന്‍ കരുതുന്നില്ല. കൃത്യമായി പരിശീലനം നടത്തിയാല്‍ ഇപ്പോഴും എനിക്ക് കളിക്കാനാവും. പക്ഷേ, കളിയില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച സമയം വളരെ കൃത്യമായിരുന്നു.” വിയ്യ പറഞ്ഞു.

ഇന്ത്യയില്‍ കളിച്ചിട്ടില്ലെങ്കിലും 20 വര്‍ഷത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ തനിക്കുണ്ടെന്ന് വിയ്യ പറഞ്ഞു. ആ അനുഭവം പകര്‍ന്നുനല്‍കാന്‍ ശ്രമിക്കും. ഒപ്പം കളിച്ചിട്ടുള്ള മികച്ച താരങ്ങള്‍, കളി പറഞ്ഞുതന്ന മഹാന്മാരായ പരിശീലകര്‍ എന്നിവരൊക്കെ തന്റെ അനുഭവജ്ഞാനത്തിനു കരുത്താണ്. വലിയ ടൂര്‍ണമെന്റുകളില്‍ കളിച്ച പരിചയവും തനിക്കുണ്ട് എന്നും വിയ്യ കൂട്ടിച്ചേര്‍ത്തു.

വലന്‍സിയ, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് തുടങ്ങി നിരവധി ക്ലബുകള്‍ക്കായി വിയ്യ കളിച്ചിട്ടുണ്ട്. മൂന്ന് വീതം ലാലിഗ, കോപ്പ ഡെല്‍ റേ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും അദ്ദേഹം നേടിയിട്ടുണ്ട്. 2010 ഫുട്‌ബോള്‍ ലോകകപ്പും വിയ്യ സ്വന്തമാക്കി.

കഴിഞ്ഞ സീസണില്‍, ടേബിളില്‍ ഏറ്റവും അവസാനമാണ് ഒഡീഷ ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ ഈ സീസണില്‍ മികച്ച തയ്യാറെടുപ്പുകളാണ് ഒഡീഷ നടത്തുന്നത്.

You Might Also Like