ധോണിയേക്കാള്‍ പെര്‍ഫെക്ടായ ‘ഹെലികോപ്റ്റര്‍ ഷോട്ട’, അതും ധോണിയ്ക്കും മുമ്പേ, ഇതാ തെളിവുകള്‍

ക്രിക്കറ്റ് ലോകത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരില്‍ അറിയപ്പെടുന്ന ഒരു ഷോട്ടാണ് ഹെലികോപ്്റ്റര്‍ ഷോട്ട്. ശരീരവും ബാറ്റും വില്ലുപോലെ വളച്ച് പന്ത് ഗ്യാലറി കടത്തുന്ന മനോഹരമായ ഷോട്ടാണിത്. ലോക ക്രിക്കറ്റിലെ മറ്റ് പല താരങ്ങളും ഈ ഷോട്ട് അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും അത്ര കണ്ട് ഫലപ്രദമായില്ല.

എന്നാല്‍ ക്രിക്കറ്റ് ലോകത്ത് ധോണി പരിചയപ്പെടുത്തിയ ഷോട്ടാണോ ശരിക്കും ഇത്. അല്ലെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ സൂചിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ സാക്ഷാല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ മനോഹരമായി ഹെലികോപ്റ്റര്‍ ഷോട്ട് പായിക്കുന്നതാണ് ഈ വീഡിയോയിലുളളത്.

1996ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റിലാണ് അസ്ഹര്‍ ഹെലികോപ്റ്റര്‍ ഷോട്ട് പായിക്കുന്നത്. ഇതിഹാസ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നര്‍ക്കെതിരേയായിരുന്നു ഇത്. ടെസ്റ്റില്‍ ക്ലൂസ്‌നറിന്റെന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ മല്‍സരം എന്ന പ്രത്യേകതയുണ്ട്. കളിയില്‍ 77 ബോളില്‍ 18 ബൗണ്ടറികളും ഒരു സിക്സറുമടക്കം 109 റണ്‍സ് അസ്ഹര്‍ നേടിയിരുന്നു.

ഈ ടെസ്റ്റില്‍ അസ്ഹറില്‍ നിന്നും ഏറ്റവുമധികം തല്ലുവാങ്ങിയത് ക്ലൂസ്നറായിരുന്നു. ഒരോവറില്‍ അഞ്ചു ബൗണ്ടറികള്‍ അസ്ഹര്‍ അദ്ദേഹത്തിനെതിരേ പായിച്ചിരുന്നു. അഞ്ചു ബൗണ്ടറികള്‍ പറത്തിയ അതേ ഓവറില്‍ തന്നെയായിരുന്നു ക്ലൂസ്നര്‍ക്കെതിരേ അസ്ഹറിന്റെ ക്ലാസിക് ഹെലികോപ്റ്റര്‍ ഷോട്ട്.

ആദ്യ രണ്ടു ബോളുകളിലും അസ്ഹര്‍ ബൗണ്ടറിയടിച്ചതോടെ മൂന്നാമത്തേത് യോര്‍ക്കറാണ് ക്ലൂസ്നര്‍ പരീക്ഷിച്ചത്. ലെങ്ത് മനസ്സിലാക്കിയ അസ്ഹര്‍ വലതു കാല്‍ അതിവേഗം ബോളിന്റെ ലൈനിലേക്കു കൊണ്ടു വന്ന ശേഷം ഹെലികോപ്റ്റര്‍ ഷോട്ട് തൊടുക്കുകയായിരുന്നു. മിഡ് വിക്കറ്റ് ഭാഗത്തു കൂടി ബോള്‍ അതിവേഗം ബൗണ്ടറി കടക്കുകയും ചെയ്തു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് അസ്ഹര്‍ വിലയിരുത്തപ്പെടുന്നത്. വളരെ അനായാസമായ ബാറ്റിങ് ശൈലിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അപാരമായ ടൈമിങായിരുന്നു അസ്ഹറിനെ ഇതിനു സഹായിച്ചിരുന്നത്. ഗംഭീര ഫീല്‍ഡറും കൂടിയായിരുന്നു അദ്ദേഹം.

 

You Might Also Like