ബ്ലാസ്‌റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി മറ്റൊരു ഐഎസ്എല്‍ ക്ലബ്, തകര്‍പ്പന്‍ നീക്കം

കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന പ്രഗ്യാന്‍ സുന്ദര്‍ ഗൊഗോയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തേക്കാണ് ഗൊഗോയുമായുളള കരാര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒപ്പ് വെച്ചിരിക്കുന്നത്.

മിഡ്ഫീല്‍ഡറായും ഡിഫന്ററായും കളിക്കാന്‍ കഴിവുളള താരം നിലവില്‍ ഫ്രീ ഏജന്റായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിലെത്തും മുമ്പ് ഷില്ലോ ലജോങിന്റെ അണ്ടര്‍ 18 ടീമിലായിരുന്നു ഗൊഗോയ് കളിച്ചിരുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 18 ടീമിലും ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിലും ഗൊഗോയ് കളിച്ചിട്ടുണ്ട്.

ഐ ലീഗ് സെക്കന്റ് ഡിവിഷനില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 13 മത്സരങ്ങള്‍ കളിച്ച ഗൊഗോയ് മൂന്ന് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. കേരള പ്രീമിയര്‍ ലീഗിലും നിരവധി മത്സരങ്ങളില്‍ കളിച്ചിട്ടുളള താരമാണ് ഗൊഗോയ്. ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ്വ് ടീമിന്റെ നായക സ്ഥാനം വരെ ഗൊഗോയ് വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലും ഗൊഗോയ് ഇടംപടിച്ചിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

സ്പാനിഷ് പരിശീലകന്‍ ജെറാര്‍ഡ് നുസിന്റെ നേതൃത്വത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഐഎസ്എല്‍ ഏഴാം സീസണിന് ഒരുങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റിനായി ഐഎസ്എല്ലില്‍ അരങ്ങേറാനാകും എന്ന പ്രതീക്ഷയിലാണ് ഗൊഗോയ് ഹൈലാന്റിലേക്ക് വിമാനം കയറുന്നത്.

You Might Also Like