ഐഎസ്എല്ലില്‍ പന്ത് തട്ടാന്‍ മറ്റൊരു മലയാളി സൂപ്പര്‍ താരം കൂടി
ഐഎസ്എല്‍ തുടങ്ങാന്‍ ഏതാനും ദിവസം മാത്രം അവശേഷിക്കെ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ഐലീഗില്‍ കളിക്കുന്ന മലയാളി താരം മഷൂര്‍ ഷെരീഫിനെ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി. ഐലീഗ് ക്ലബ് ചെന്നൈ സിറ്റിയുടെ പ്രധാന താരമായിരുന്നു മഷൂര്‍.
ചെന്നൈ സിറ്റിയ്ക്കായി കഴിഞ്ഞ മൂന്ന് സീസണിലും പന്ത് തട്ടിയ ഈ മലപ്പുറം കാവുങ്ങള്‍ സ്വദേശി 35 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്. കളിക്കളത്തില്‍ ഏത് പൊസിഷനും ചേരുന്ന ഈ താരം സ്‌ട്രെക്കറായും മിഡ്ഫീല്‍ഡറൂം ഡിഫന്ററായുമെല്ലാം ബൂട്ടുകെട്ടിയിട്ടുണ്ട്. ചെന്നൈ സിറ്റിയെ കൂടാതെ എയര്‍ ഇന്ത്യ, പ്രയാഗ് യുണൈറ്റഡ് എന്നീ ഐലീഗ് ക്ലബുകളുകളിലും മഷൂര്‍ കളിച്ചിട്ടുണ്ട്.
ഇതോടെ വിപി സുഹൈറിനും സികെ ഉബൈദിനും ശേഷം നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാളി താരമായി മാറി മഷൂര്‍.മലപ്പുറം എംഎസ്പിയിലൂടെയാണ് മഷൂര്‍ പ്രെഷഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ചത്.
ഡ്യൂറാന്റ് കപ്പില്‍ ഗോകുലത്തെ കിരീട വിജയത്തിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച ഗോള്‍ കീപ്പറാണ് ഉബൈദ്. ഗോകുലത്തിന് മുമ്പ് ഈസ്റ്റ് ബംഗാളിന് വേണ്ടിയായിരുന്നു ഉബൈദ് കളിച്ചിരുന്നത്. 13 മത്സരങ്ങളിലാണ് രണ്ട് വര്‍ഷത്തോളം നീണ്ട കാലയളവില്‍ കൊല്‍ക്കത്തന്‍ ടീമിനായി ഉബൈദ് വലകാത്തത്.
വിപി സുഹൈറാകട്ടെ മോഹന്‍ ബഗാനില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ എത്തിയത്. ബഗാനെ കഴിഞ്ഞ സീസണില്‍ കിരീടവിജയത്തിലെത്തിച്ച സുഹൈര്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയുടെ പ്രിയശിഷ്യനായാണ് അറിയപ്പെടുന്നത്.