ഞാനും സെവാഗും ഭാജിയും സഹീറും ധോണിയെ കുറിച്ച് അങ്ങനെ കരുതിയിരുന്നില്ല, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം
മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി ഇത്ര വലിയ നായകനായി മാറുമെന്ന് തങ്ങള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. ധോണിയുടെ ഏകദിന അരങ്ങേറ്റ ദിവസത്തിന് 16 വര്‍ഷം തികഞ്ഞ വേളയിലാണ് സഹതാരങ്ങളുടെ ധോണിയെ കുറിച്ചുളള തോന്നലുകള്‍ മുഹമ്മദ് കൈഫ് പങ്കുവെച്ചത്.
ധോണിയെക്കുറിച്ചുള്ള തന്റെ ആദ്യ വിലയിരുത്തല്‍ കൈഫ് പങ്കുവെച്ചു. ധോണിയുടെ ഏകദിന അരങ്ങേറ്റ മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ചായിരുന്നു മുഹമ്മദ് കൈഫ്. മത്സരത്തില്‍ കൈഫ് 111 പന്തില്‍ നേടിയ 80 റണ്‍സിന്റെ ബലത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലദേശിനെ തകര്‍ത്തത്. മത്സരത്തില്‍ ഒരു പന്ത് മാത്രം നേരിട്ട ധോണി, സംപൂജ്യനായി റണ്ണൗട്ടാകുകയായിരുന്നു.
‘ആദ്യമായി ധോണിയെ കാണുമ്പോള്‍, ഞാന്‍ ദുലീപ് ട്രോഫിയിലെ സെന്‍ട്രല്‍ സോണിന്റെ ക്യാപ്റ്റനായിരുന്നു. ഈസ്റ്റ് സോണിന്റെ വിക്കറ്റ് കീപ്പറായിരുന്നു ധോണി. ഇന്ത്യ എ ടീമിനായും അദ്ദേഹം കളിച്ചിട്ടുണ്ട്.’ കൈഫ് പറഞ്ഞു.
ബംഗ്ലദേശിനെതിരായ മത്സരത്തിന് മുന്‍പ് തന്റെ ഒരു സുഹൃത്ത് ധോണിയുടെ ബാറ്റിങ് മികവിനെക്കുറിച്ച് എന്നോട് വാചാലനായി. പിന്നീട് ധോണിയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ കളിച്ച യുവ്രാജ്, സേവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ അന്ന് ടീമില്‍ അംഗങ്ങളായിരുന്നു. അദ്ദേഹം ഇത്രയും മികച്ച നായകനാകുമെന്ന് യഥാര്‍ഥത്തില്‍ താന്‍ കരുതിയില്ലെന്നും കൈഫ് പറഞ്ഞു.
‘ലക്നൗവില്‍ എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ‘കൈഫ്, ഒരു കളിക്കാരനുണ്ട്. അവനെ ശ്രദ്ധിക്കണം. അവന് നീളമുള്ള മുടിയുണ്ട്, അദ്ദേഹത്തെപ്പോലെ ആരും സിക്‌സറുകള്‍ അടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അക്കാലത്ത് കളിച്ച ഞങ്ങളെല്ലാവരും – ഞാന്‍, സഹീര്‍, ഹര്‍ഭജന്‍, സേവാഗ് എന്നിവര്‍ ധോണി ഇത്രയും മികച്ച ക്യാപ്റ്റന്‍ ആകുമെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയും ഉയരങ്ങളിലേക്ക് എത്തിക്കമെന്നും കരുതിയില്ല.’ കൈഫ് പറഞ്ഞു.