ഓപ്പണിംഗ് പങ്കാളികളെ പ്രഖ്യാപിച്ച് ബംഗളൂരു, അസറുദ്ദീന് പണികിട്ടുമോ?

ഐപിഎല്ലിന്റെ 14ാം സീസണില്‍ നായകന്‍ വിരാട് കോഹ്ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലുമാകും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി ഓപ്പണ്‍ ചെയ്യുക എന്ന് സ്ഥിരീകരിച്ച് ആര്‍സിബി ടീം ഡയരക്ടര്‍ മൈക്ക് ഹസ്സന്‍. എന്നാല്‍ കോഹ്ലി ഓപ്പണറായി കളിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ തങ്ങള്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം ഈ റോളിലേക്കു വരുന്നത് സര്‍പ്രൈസല്ലെന്നും ഹസ്സന്‍ പറഞ്ഞു. ആര്‍സിബി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ദേവ്ദത്ത് പടിക്കലായിരിക്കും ആര്‍സിബിയില്‍ കോലിയുടെ ഓപ്പണിങ് പങ്കാളി. രണ്ടു വ്യത്യസ്ത ശൈലിയിലുള്ള താരങ്ങളുടെ ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കൂടിയാണിത്. പവര്‍പ്ലേ പിന്നിടാനായാല്‍ കോലിക്കു എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമുക്കറിയാം. അദ്ദേഹം പ്രതിഭാസം തന്നെയാണ്, പ്രത്യേകിച്ചും മുന്‍നിരയില്‍ കളിക്കാനായാല്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുxട ഹസ്സന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സീസണിലായിരുന്നു ദേവ്ദത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. 15 മല്‍സരങ്ങളില്‍ നിന്നും 473 റണ്‍സുമായി എമേര്‍ജിങ് പ്ലെയറായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കായി ഏഴു കളികളില്‍ നിന്നും 737 റണ്‍സും ദേവ്ദത്ത് വാരിക്കൂട്ടിയിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ് തന്നെ പുതിയ സീസണിലും ആര്‍സിബിക്കു വേണ്ടി വിക്കറ്റ് കാക്കുമെന്ന് ഹസ്സന്‍ അറിയിച്ചു. എബിഡിയെക്കൂടാതെ കെഎസ് ഭരത്, പുതുതായി ടീമിലെത്തിയ മലയാളി താരം മുഹമ്മദ് അസറുദ്ദീന്‍ എന്നിവരും വിക്കറ്റ് കീപ്പര്‍മാരായി ആര്‍സിബിയിലുണ്ട്.
മറ്റൊരു വിക്കറ്റ് കീപ്പറായ ഓസ്ട്രേലിയയുടെ ജോഷ് ഫിലിപ്പെ വരാനിരിക്കുന്ന സീസണില്‍ നിന്നും പിന്‍മാറിയിരുന്നു. വിക്കറ്റ് കീപ്പറാവുന്നത് എബിഡിയും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഈ റോള്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ എബിഡിയില്ലെങ്കില്‍ മറ്റു ചില ഓപ്ഷനുകള്‍ കൂടി ആര്‍സിബിക്ക് ഉണ്ടെന്നത് വലിയ കാര്യമാണെന്നും ഹസ്സന്‍ പറഞ്ഞു.
വിക്കറ്റ് കാത്താലും ഫീല്‍ഡ് ചെയ്താലും വളരെ മികച്ച പ്രകടം നടത്തുന്ന മുഹമ്മദ് അസറുദ്ദീന്‍ ഞങ്ങള്‍ക്കുണ്ട്. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ കെഎസ് ഭരതും ടീമിലുണ്ട്. ഇതു വ്യത്യസ്തമായ ഓപ്ഷനുകളാണ് നല്‍കുന്നത്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും ഹെസ്സന്‍ കൂട്ടിച്ചേര്‍ത്തു