തുറന്നടിച്ച് കോഹ്ലി, അക്കാര്യത്തില്‍ ഒരു ഖേദവുമില്ല

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പരാജയത്തിന് കാരണം മത്സരത്തില്‍ താളം കണ്ടെത്താന്‍ കഴിയാത്തതാണെന്ന് തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി. ഇടയ്ക്കിടെ കളി തടസ്സപ്പെട്ടില്ലായിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നാകുമായിരുന്നെന്നും കോഹ്ലി കൂട്ടിചേര്‍ത്തു.
‘മത്സരത്തിന്റെ ആദ്യ ദിനം പൂര്‍ണമായും മഴമൂലം ഉപേക്ഷിച്ചു. മത്സരം പുനരാരംഭിച്ചപ്പോള്‍ നമുക്ക് താളം കണ്ടെത്താനായില്ല. കളി നടന്ന ആദ്യ ദിനം നമുക്ക് മൂന്നു വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായത്. പക്ഷേ, ഇടയ്ക്കിടെ കളി തടസ്സപ്പെട്ടില്ലായിരുന്നുവെങ്കില്‍ നമുക്കു കുറച്ചുകൂടി റണ്‍സ് നേടാന്‍ കഴിയുമായിരുന്നു’ മത്സരശേഷം സംസാരിക്കവെ കോഹ്ലി പറഞ്ഞു.
ടീം തിരഞ്ഞെടുപ്പ് പാളിപ്പോയി എന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു കോഹ്ലിയുടെ മറുപടി.
‘നമുക്ക് ടീമില്‍ വേണ്ടിയിരുന്നത് ഒരു പേസ് ബോളിങ് ഓള്‍റൗണ്ടറെയാണ്. നിര്‍ഭാഗ്യവശാല്‍ അത് ഇല്ലാതെ പോയി. ഈ ടീമിനെവച്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ നാം കളി ജയിച്ചിട്ടുണ്ട്. ഇതാണ് നമുക്ക് ഇറക്കാവുന്ന ഏറ്റവും മികച്ച ടീമെന്ന ഉറപ്പിലാണ് താരങ്ങളെ തിരഞ്ഞെടുത്തത്. നമ്മുടെ ബാറ്റിങ് നിര നല്ല ആഴമുള്ളതായിരുന്നു. കളിയില്‍ കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് കുറച്ചുകൂടി റോളുണ്ടാകുമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്’ കോഹ്ലി പറഞ്ഞു.
രണ്ടു സ്പിന്നര്‍മാരുമായി കളത്തിലിറങ്ങിയ ഇന്ത്യയുടെ ടീം സിലക്ഷന്‍ അമ്പേ പാളിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കോഹ്ലിയുടെ വിശദീകരിണം. ന്യൂസീലന്‍ഡ് 15 അംഗ ടീമിലുണ്ടായിരുന്ന ഏക സ്പിന്നര്‍ അജാസ് പട്ടേലിനെ പുറത്തിരുത്തിയപ്പോള്‍, രവിചന്ദ്രന്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജയേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ ടീം ഫൈനല്‍ കളിച്ചത്.
മത്സരത്തില്‍ അശ്വിന്‍ രണ്ട് ഇന്നിങ്‌സുകളില്‍നിന്ന് നാലു വിക്കറ്റ് പിഴുതെങ്കിലും ജഡേജയ്ക്ക് ലഭിച്ചത് ഒരേയൊരു വിക്കറ്റാണ്. താരത്തിന് ബാറ്റിങ്ങിലും തിളങ്ങാനായില്ല. പൊതുവെ പേസ് ബോളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ഇന്ത്യയുടെ ടീം സിലക്ഷന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോഹ്ലിയുടെ പ്രതികരണം.