ഇനിയവര്‍ക്ക് തിരിച്ചുവരാന്‍ ആകില്ല, യാഥാര്‍ത്യം വെളിപ്പെടുത്തി ഇന്ത്യന്‍ താരം

Image 3
CricketTeam India

ശ്രീലങ്കയ്ക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് സീനിയര്‍ താരങ്ങളെ കൂട്ടമായി ഒഴിവാക്കിയതായിരുന്നു. ഏറെ നാളായി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖമായിരുന്ന ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാന, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ്മ തുടങ്ങിയ താരങ്ങലെല്ലാം ടീമിന് പുറത്തായി. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി മോശം ഫോമാണ് താരങ്ങള്‍ക്കെതിരെ കടുത്ത തീരുമാനം എടുക്കാന്‍ ടീം ഇന്ത്യയെ പ്രേരിപ്പിച്ചത്.

ഇപ്പോഴതാ പൂജാരയ്ക്കും രഹാനയ്ക്കുമെല്ലാം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ എളുപ്പമല്ലെന്ന നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

‘ഇത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ച്വറിയോ 80-90 റണ്‍സോ നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നു. അജിന്‍ക്യ രഹാനെ ആക്രമണോത്സകതയോടെയാണ് കളിച്ചതെന്നത് ശരിയാണ്. എന്നാല്‍ അതിനനുസരിച്ചുള്ള റണ്‍സും നേടേണ്ടതായുണ്ട്. ടീമിന് റണ്‍സ് ആവിശ്യമാണ് അത് നേടാനാവാത്തതിനാല്‍ത്തന്നെ ഇത് പ്രതീക്ഷിച്ചിരുന്നു’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

‘ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് തീര്‍ച്ചയായും തിരിച്ചെത്താനാവും. എന്നാല്‍ എല്ലാ രഞ്ജി ട്രോഫി മത്സരത്തിലും 200-250 റണ്‍സ് നേടാന്‍ സാധിക്കണം. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും തിരിച്ചുവരാന്‍ പറ്റും. എന്നാല്‍ രഞ്ജി ട്രോഫിക്ക് ശേഷം ഒരു ടെസ്റ്റ് മാത്രമാണുള്ളത്. അത് ഇംഗ്ലണ്ടിനെതിരെയാണ്. അതിന് ശേഷം ടി20 ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അടുത്ത ടെസ്റ്റ് പരമ്പര നവംബര്‍ ഡിസംബറിലാവും നടക്കുക. അത് ഇരുവരുടെയും പ്രായം പരിഗണിക്കുമ്പോള്‍ പ്രശ്നമാണ്. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുകയും അവര്‍ അതിനെ മുതലാക്കുകയും ചെയ്താല്‍ രഹാനെക്കും പുജാരക്കും തിരിച്ചുവരവ് പ്രയാസമാവും’- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

രഹാനെയും പുജാരയും മോശം ഫോമിലായിട്ട് ഏറെ നാളുകളായി. എന്നാല്‍ ഇരുവരെയും കൈവിടാതെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും സീനിയര്‍ താരങ്ങള്‍ക്ക് വളരെയധികം പിന്തുണ നല്‍കി. എന്നിട്ടും ഫോമിലേക്കുയരാനാവാതെ വന്നതോടെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്മെന്റ് നിര്‍ബന്ധിതരായത്.