എല്‍ബിയുമല്ല ക്യാച്ചുമല്ല, ഗില്ലിന്റെ പുറത്താകല്‍ വിവാദത്തില്‍

ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയത് വിവാദത്തില്‍. തകര്‍പ്പന്‍ ഫോമില്‍ കളിച്ച് കൊണ്ടിരിക്കെ സ്ലിപ്പില്‍ സീന്‍ അബോട്ട് പിടിച്ചാണ് ഗില്‍ മടങ്ങിയത്.

എന്നാല്‍ പന്തില്‍ ബാറ്റ് കൊണ്ടതിന് എന്ത് തെളിവാണെന്ന ചോദ്യമാണ് ഉയരുന്നത്. സ്പിന്നര്‍ മിച്ചല്‍ സ്വെപ്സണിന്റെ ഡെലിവറിയില്‍ ഫ്‌ളിക്ക് ചെയ്യാനായിരുന്നു ഗില്ലിന്റെ ശ്രമം. എന്നാല്‍ ഗില്ലിന്റെ ടൈമിങ് തെറ്റിയതോടെ പന്ത് പാഡില്‍ കൊണ്ടു.

ബൗളര്‍ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ നിരസിച്ചു. ഈ സമയം സ്ലിപ്പില്‍ സീന്‍ അബോട്ട് ക്യാച്ച് എടുത്തു. അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു.

ഡിആര്‍എസ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതോടെ ഗില്ലിന് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് എത്തി. 65 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. അര്‍ഹിച്ച ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് ഗില്ലിന് ഇതോടെ നഷ്ടമായത്.

You Might Also Like