അദ്ദേഹത്തിന്റെ വിശ്വാസത്തെ ബഹുമാനിക്കുന്നു, മദ്യ കമ്പനിയുടെ ലോഗോ ഒഴിവാക്കി ചെന്നൈ

ഓള്‍റൗണ്ടര്‍ മോയീന്‍ അലിയുടെ ജഴ്സിയില്‍ നിന്ന് മദ്യ കമ്പനിയുടെ പരസ്യം ഒഴിവാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ ദിവസം കളിയ്ക്കാനിറങ്ങിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

മുസ്ലിം മതവിശ്വാസിയായ മോയീന്‍ അലി മദ്യവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല. മോയീന്റെ വിശ്വാസത്തോട് ബഹുമാനപൂര്‍വ്വം ഇടപെട്ട ചെന്നൈ അദ്ദേഹത്തിന്റെ ജഴ്സിയില്‍ നിന്ന് പരസ്യം ഒഴിവാക്കിയെന്നാണ് ലഭ്യമാവുന്ന വിവരം. എസ്.എന്‍.ജെ10000 എന്ന കമ്പനിയുടെ ലോഗോയാണ് മോയീന്റെ ജഴ്സിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

നേരത്തെ മോയീന്‍ മദ്യ കമ്പനിയുടെ പരസ്യം തന്റെ ജഴ്സിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ചൈന്നൈ മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. മോയീന് അത്തരത്തിലൊരു അഭ്യര്‍ത്ഥന നടത്തിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഫ്രാഞ്ചൈസി വിശദീകരണവുമായി രംഗത്തുവന്നത്.

ഇംഗ്ലണ്ട് ടീമില്‍ മോയീന്‍ അലി അണിയുന്ന ജഴ്സിയിലും മദ്യ കമ്പനിയുടെ പരസ്യം പതിക്കാറില്ല. കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിച്ച അലിയെ ഇത്തവണ 7 കോടി രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്.

മഹേന്ദ്ര സിംഗ് ധോണിയുടെ ടീമില്‍ കളിക്കുന്നതില്‍ ഏറെ സന്തോഷവനാണെന്ന് താരം പ്രതികരിക്കുകയും ചെയ്തിരുന്നു. മദ്യത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരം ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

You Might Also Like