ബ്ലാസ്‌റ്റേഴ്‌സ് നിഷുവിനായി മുടക്കിയ തുക പുറത്ത്, കണ്ണ് തള്ളും!

ബംഗളൂരു എഫ്സി പ്രതിരോധ താരം നിഷു കുമാറിനായി ബ്ലാസ്റ്റേഴ്സ് മുടക്കിയത് അഞ്ച് കോടി രൂപ. നാല് വര്‍ഷത്തേയ്ക്കാണ് ബ്ലാസ്റ്റേഴ്സുമായി നിഷുകുമാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം എന്ന നേട്ടം നിഷുകുമാര്‍ സ്വന്തമാക്കി. നേരത്തെ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സന്ദേഷ് ജിങ്കനായിരുന്നു വിലയേറിയ ഇന്ത്യന്‍ താരം. 2017ല്‍ ജിങ്കനുമായി 3.8 കോടി രൂപയ്ക്കാണ് നാല് വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നത്.

സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ട പശ്ചാത്തലത്തില്‍ നിഷു കുമാര്‍ സ്വന്തം നിരയിലുളളതാണ് മഞ്ഞപ്പടയുടെ ഏറ്റവും വലിയ ആശ്വാസം. 22കാരനായ നിഷു കുമാര്‍ ബംഗളൂരുവിനായി കഴിഞ്ഞ അഞ്ച് സീസണുകളിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

2015ലാണ് നിഷു കുമാര്‍ ബെംഗളൂരു എഫ്.സിയിലെത്തുന്നത്. പരിശീലകന്‍ കുവാഡ്രറ്റിന്റെ വിശ്വസ്ത താരമായ നിഷു, അവസാന രണ്ട് ഐ.എസ്.എല്ലുകളില്‍ 36 മത്സരങ്ങളില്‍ അവരുടെ ആദ്യ ഇലവനില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. ടീമിനായി രണ്ട് ഗോളുകളും നിഷുകുമാര്‍ നേടിയിട്ടുണ്ട്. അടുത്തിടെ ദേശീയ ടീമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ജോര്‍ദാനെതിരായ അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും നേടിയിരുന്നു.

ബംഗളൂരു എഫ്.സിയുമായുള്ള കരാര്‍ അവസാനിക്കുന്ന താരത്തിന്? സ്വന്തം ടീമില്‍ നിന്നടക്കം മൂന്നോളം ക്ലബ്ബുകളില്‍ നിന്ന് ഓഫറെത്തിയിരുന്നുവെങ്കിലും താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

You Might Also Like