ടി20യില്‍ ഇരട്ട സെഞ്ച്വറി നേടുക ആ രണ്ട് പേര്‍, പ്രവചനവുമായി നിക്കോളാസ് പൂരാന്‍

ഏകദിന ക്രിക്കറ്റില്‍ പോലും ഒരു കാലത്ത് ഡബിള്‍ സെഞ്ച്വറി അസാധ്യമായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആ വന്‍ മല കീഴടക്കിയതിന് പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ചു. എന്നാല്‍ പുതിയ കാലത്തെ ഏറ്റവും ജനപ്രീതി നേടിയ ക്രിക്കറ്റ് രൂപമായ ടി20യില്‍ ഇന്നും ഒരാള്‍ക്കും ഇരട്ട സെഞ്ച്വറി നേടാനായിട്ടില്ല.

അതെസമയം ടി20യില്‍ ആരെങ്കിലും ഡബിള്‍ സെഞ്ച്വറി നേടുകയാണെങ്കില്‍ അത് രണ്ട് താരങ്ങളായിരിക്കും എന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍ഡീസ് സൂപ്പര്‍ താരം നിക്കോളാസ് പൂരാന്‍. ഇ .എസ് .പി .എന്‍ ക്രിക്ക് ഇന്‍ഫോക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ 25 ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് താരം ടി20യിലെ ഡബിള്‍ സെഞ്ച്വറി അടിക്കുവാന്‍ സാധ്യതയുള്ളവരെ പ്രവചിച്ചത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറും നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും തന്റെ സ്വന്തം നാട്ടുകാരനും ഇതിഹാസ ഓപ്പണറുമായ ക്രിസ് ഗെയ്ലുമാണ് ടി20യില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ ശേഷിയുള്ള രണ്ട് താരങ്ങള്‍ എന്നാണ് നിക്കോളാസ് പൂരന്റെ പക്ഷം .

അതേസമയം ടി20യില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന വ്യക്തികത സ്‌കോറിന് ഉടമ ക്രിസ് ഗെയിലാണ് . ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കവെ 2013 സീസണില്‍ പുണെ വാരിയേഴ്സ് എതിരെ ഗെയ്ല്‍ 175 റണ്‍സ് അടിച്ചെടുത്തിരുന്നു . ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്താവട്ടെ ടി20യില്‍ ഇന്ത്യക്കായി 4 സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ടി:20യിലെ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഹിറ്റ്മാന്റെ പേരിലാണ് .

പരിപാടിയില്‍ മറ്റ് ചില ചോദ്യങ്ങള്‍ക്ക് കൂടി താരം മനസ്സുതുറന്ന് മറുപടി പറഞ്ഞു .ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ടി:20 ലീഗായി താരം അഭിപ്രായപ്പെട്ടത് ഐപിഎല്ലിനെയാണ് . കൂടാതെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച കുക്ക് ആരാണെന്ന ചോദ്യത്തിന് ആന്ദ്രെ ഫ്ളെച്ചറുടെ പേരാണ് പൂരന്‍ ഉത്തരമായി നല്‍കിയത്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കവര്‍ ഡ്രൈവ് ദേശീയ ടീമിലെ സഹതാരമായ ഡാരന്‍ ബ്രാവോയുടേതാണെന്നും പൂരന്‍ അവകാശപ്പെട്ടു.

 

You Might Also Like