മനുഷ്യ സാധ്യമല്ലാത്ത ഭീമന്‍ സിക്‌സ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പൂരന്‍ മാസ്

Image 3
CricketCricket NewsFeatured

ഇംഗ്ലണ്ടില്‍ നടക്കുന്ന ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ നിക്കോളാസ് പൂരന്റെ വെടിക്കെട്ട്. മാഞ്ചസ്റ്റര്‍ ഒറിജിനലിനെതിരെ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിനായാണ് പൂരന്‍ ഐതിഹാസിക വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. വെറും 33 പന്തില്‍ എട്ട് സിക്‌സും രണ്ട് ഫോറുമടക്കം 66 റണ്‍സാണ് പൂരന്‍ അടിച്ചെടുത്തത്. ഇതോടെ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കാനും നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനായി.

29 റണ്‍സിന് 2 വിക്കറ്റ് നഷ്ടത്തില്‍ പൂരന്‍ ക്രീസിലെത്തിയപ്പോള്‍ 100 റണ്‍സിലധികം വിജയലക്ഷ്യം മുന്നിലുണ്ടായിരുന്നു. എന്നാല്‍, പൂരന്റെ വീരോചിത പ്രകടനമാണ് അവരെ വിജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെ ഫില്‍ സാള്‍ട്ടിന്റെ സ്ഫോടനാത്മക ബാറ്റിംഗ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറായ 156/3 എന്ന നിലയിലെത്തിച്ചു. വെറും 28 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സാണ് ഫില്‍ സാള്‍ട്ട് നേടിയത്. എന്നിരുന്നാലും, സൂപ്പര്‍ചാര്‍ജേഴ്സിന്റെ സ്പിന്നര്‍മാര്‍ ഒറിജിനലിന്റെ സ്‌കോറിംഗ് നിരക്ക് നിയന്ത്രിക്കുകയും ടീമിനെ വിജയസാധ്യത നിലനിര്‍ത്തുകയും ചെയ്തു.

മറുപടി ബാറ്റിംഗില്‍ അവസാന 60 പന്തില്‍ 124 റണ്‍സ് വേണമെന്ന നിലയില്‍ മത്സരം സൂപ്പര്‍ചാര്‍ജേഴ്‌സിന്റെ കൈവിട്ടുപോകുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍, പൂരന്‍, ഹാരി ബ്രൂക്ക്, ആദം ഹോസ് എന്നിവര്‍ ചേര്‍ന്ന് അത്ഭുതകരമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ടീമിന്റെ വിജയമുറപ്പിച്ചു.

പൂരന്റെ അവിശ്വസനീയ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഒരു സവിശേഷതയായി മാറിയിരിക്കുന്നു. ബൗളര്‍മാരെ എളുപ്പത്തില്‍ നേരിട്ട അദ്ദേഹം അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളെ അനായാസമാക്കി. ബ്രൂക്കിന്റെയും ഹോസിന്റെയും നിര്‍ണായക പിന്തുണയോടെ പൂരന്റെ ഇന്നിംഗ്‌സ് സൂപ്പര്‍ചാര്‍ജേഴ്‌സിന്റെ ടൂര്‍ണമെന്റ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

‘ഇന്ന് ഞങ്ങള്‍ മത്സരം തോറ്റിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമായിരുന്നു, അവസാനം വരെ ടീമിനൊപ്പം നില്‍ക്കാനും സംഭാവന നല്‍കാനും ടീമിന് വിജയം നേടിക്കൊടുക്കാനും കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ചൊവ്വാഴ്ചയും ഇതേ ഫലം ആവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ പൂരന്‍ പറഞ്ഞു.

മത്സരത്തില്‍ ഒരു കൂറ്റന്‍ സിക്‌സും പൂരന്‍ പായിച്ചിരുന്നു. 113 മീറ്റര്‍ നീളമുളള സിക്‌സ് ആണ് പൂരന്‍ പായിച്ചത്. ആ കാഴ്ച്ച കാണാം