ഒന്ന് പ്രതിരോധിക്കാന്‍ പോലുമാകാതെ, ഇംഗ്ലണ്ടിന്റെ പ്രതികാരം തുടങ്ങി

ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 125 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.
49 റണ്‍സ് നേടിയ ജേസന്‍ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ആശങ്കകളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഓപ്പണര്‍മാര്‍ അനായാസം ബാറ്റ് ചെയ്തപ്പോള്‍ സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിച്ചു.
ആദ്യ വിക്കറ്റില്‍ ജോസ് ബട്ലര്‍-ജേസന്‍ റോയ് സഖ്യം 72 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ബട്ലറെ (28) വിക്കറ്റിനു മുന്നില്‍ കുരുക്കിയ യുസ്വേന്ദ്ര ചഹാല്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഏറെ വൈകാതെ ജേസന്‍ റോയിയെ (49) വാഷിംഗ്ടണ്‍ സുന്ദര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. എന്നാല്‍, നാലാം നമ്പറില്‍ കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ ജോണി ബെയര്‍സ്റ്റോ ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയായിരുന്നു.
മലാന്‍ ബെയര്‍സ്റ്റോയ്ക്ക് മികച്ച പങ്കാളിയായി. വാഷിംഗ്ടണിനെ സിക്‌സറടിച്ച് മലാനാണ് വിജയ റണ്‍ കുറിച്ചത്. ബെയര്‍സ്റ്റോ (26), ഡേവിഡ് മലാന്‍ (24) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 124 റണ്‍സ് മാത്രമാണ് നേടിയത്. 67 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് വീഴ്ത്തി.
ടൈറ്റ് ലൈനുകളില്‍ പന്തെറിഞ്ഞ ഇംഗ്ലണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ റിസ്‌ക് എടുക്കാന്‍ പ്രേരിപ്പിച്ച് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ലോകേഷ് രാഹുല്‍ (1) പ്ലെയ്ഡ് ഓണ്‍ ആയി മടങ്ങിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 2 റണ്‍സ്. ഒരു റണ്‍ കൂടി സ്‌കോര്‍ബോര്‍ഡിലെത്തുമ്പോള്‍ വിരാട് കോലിയും (0) മടങ്ങി. കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച കോലിയെ ആദില്‍ റഷീദിന്റെ പന്തില്‍ ക്രിസ് ജോര്‍ഡന്‍ പിടികൂടി. ശിഖര്‍ ധവാന്‍ (4) മാര്‍ക്ക് വുഡിന്റെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങി. പവര്‍ പ്ലേയില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എന്ന നിലയിലായിരുന്നു.
നാലാം വിക്കറ്റില്‍ ഋഷഭ് പന്തും ശ്രേയാസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍, സ്‌കോര്‍ബോര്‍ഡ് ചലിക്കാത്തത് പന്തിനെയും ബാധിച്ചു. 10ആം ഓവറിലെ അവസാന പന്തില്‍ പന്ത് (21) സ്റ്റോക്‌സിന്റെ പന്തില്‍ ബെയര്‍സ്റ്റോയുടെ കൈകളില്‍ അവസാനിച്ചു. ഇന്ത്യ 10 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ്.
അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹര്‍ദ്ദിക് പാണ്ഡ്യ-ശ്രേയാസ് അയ്യര്‍ സഖ്യമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 54 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇതിനിടെ ശ്രേയാസ് അര്‍ധസെഞ്ചുറിയും തികച്ചു. തൊട്ടുപിന്നാലെ 19 റണ്‍സ് നേടിയ ഹര്‍ദ്ദിക് പാണ്ഡ്യ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ക്രിസ് ജോര്‍ഡാനു പിടികൊടുത്ത് മടങ്ങി. അടുത്ത പന്തില്‍ ശര്‍ദ്ദുല്‍ താക്കൂര്‍ (0) ഡേവിഡ് മലാന്റെ കൈകളില്‍ അവസാനിച്ചു. അവസാന ഓവറിലെ മൂന്നാം പന്തില്‍ ശ്രേയാസ് അയ്യരെ (67) മലാന്‍ ഉജ്ജ്വലമായി പിടികൂടി. വാഷിംഗ്ടണ്‍ സുന്ദര്‍ (3), അക്‌സര്‍ പട്ടേല്‍ (7) എന്നിവര്‍ പുറത്താവാതെ നിന്നു.