സാംബാ താളത്തിന്റെ അവസാന തുടിപ്പാണ് അയാൾ; ഒരുതലമുറയുടെ ദൗത്യവും പേറി നെയ്‌മർ പന്തുതട്ടുമ്പോൾ

ലാറ്റിനമേരിക്കൻ ഫുട്ബോൾ സൗന്ദര്യത്തിന്റെ മൂർത്തീ ഭാവമായിരുന്നു ബ്രസീലിയൻ ഫുട്ബോളർ റൊണാൾഡീഞ്ഞോ. റൊണാൾഡീഞ്ഞോയുടെ സമകാലികനായ സാക്ഷാൽ റൊണാൾഡോയും (ബ്രസീൽ) ഫുട്ബോളിലെ സാംബാ താളത്തിന്റെ മികച്ച മാതൃകയായിരുന്നു. അതുകൊണ്ട് തന്നെയാണ് 2006ൽ നൈക്കി ‘ബ്യൂട്ടിഫുൾ ഫുട്ബോൾ’ (Jogo Bonito) എന്ന പേരിൽ ഒരു പരസ്യശ്രേണി ഇറക്കിയപ്പോൾ അതിൽ ആറ് പരസ്യങ്ങളിൽ ഈ രണ്ട് ബ്രസീൽ താരങ്ങളും ചിത്രീകരിക്കപ്പെട്ടത്.


സാംബാ താളത്തിൽ ഫുട്ബോളിൽ കവിത രചിച്ച വേറെയും മാന്ത്രികകാലുകൾ ലാറ്റിനമേരിക്കയിൽ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ അവരെല്ലാം ഫുട്ബോളിന്റെ സൗന്ദര്യത്തിൽ അന്തമായി വിശ്വസിച്ചപ്പോൾ സ്വന്തം നിലക്കും ടീമിനേയും നേട്ടങ്ങൾ കൊയ്യാൻ കഴിയാതെ പോയവരാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ യൂറോപ്യൻ ഫുട്ബോളിന്റെ സാങ്കേതികതക്കും, വേഗതക്കും മുൻപിൽ വീണുപോയവർ.


സാക്ഷാൽ കാക്കയും, റിവാൾഡോയും, മെസ്സിയും അടക്കമുള്ളതാരങ്ങൾ പതിയെ ലാറ്റിനമേരിക്കൻ ശൈലി ഉപേക്ഷിച്ചു യൂറോപ്യൻ ശൈലിയിലേക്ക് മാറിയതും (ബാഴ്‌സയിലും, അർജന്റീനയിലും മെസിയുടെ പൊസിഷനിൽ വന്ന മാറ്റവും കാരണമാണ്) ഇക്കാരണം കൊണ്ടുതന്നെയാണ്. എന്നാൽ ഇവിടെയാണ് യഥാർത്ഥത്തിൽ റൊണാൾഡീഞ്ഞോയും, റൊണാൾഡോയും വ്യത്യസ്തരാവുന്നത്. വ്യക്തിപരമായും, ടീമിനായും എല്ലാം നേടുമ്പോഴും ഫുട്ബോളിന്റെ സൗന്ദര്യത്തെ മുറുകെപ്പിടിക്കാൻ ഇരുവരും മറന്നില്ല.

ഈ ശ്രേണിയിലെ യഥാർത്ഥ കിരീടാവകാശിയാണ് നെയ്മർ. നെയ്മറെ എത്രതന്നെ കണ്ട് വെറുക്കുന്ന ഒരാൾക്കും കളിക്കളത്തിൽ അദ്ദേഹത്തിന്റെ കേളീമികവ് അംഗീകരിക്കാതിരിക്കാൻ ആവില്ല. ഇന്ത്യയിൽ ജീവിക്കുന്ന ഒരു ശരാശരി ഫുട്ബോൾ പ്രേമി പോലും പുലർച്ചെ രണ്ടരക്ക് ടിവിയിൽ നെയ്‌മറുടെ കളികാണാൻ കാത്തിരിക്കുന്നത് മറ്റൊരു കാരണം കൊണ്ടല്ല.


മനോഹരമായ ഒരു സ്റ്റെപ് ഓവർ, ഒരു നട്മഗ്, അല്ലെങ്കിൽ ഒരു ബാക്ഹീൽ, പതിഞ്ഞ താളത്തിൽ തുടങ്ങി അതിവേഗത്തിൽ അഞ്ചോ ആറോ താരങ്ങളെ വെട്ടിച്ച് ഒരു ഡ്രിബ്ളിങ് , ഏതെങ്കിലും നെയ്മറുടെ ബൂട്ടിൽ നിന്നും പിറന്നാൾ അത് ഇന്റർനെറ്റിൽ യൂറോപ്പിൽ ഒരു ഗോൾ പിറക്കുന്നതിനേക്കാൾ വലിയ സെൻസേഷനായി മാറുന്നതും അതുകൊണ്ടാണ്.


പ്രതീക്ഷകളുടെ അമിതഭാരവും പേറി നെയ്‌മർ പ്രശസ്തിയുടെ കൊടുമുടി കേറുമ്പോഴും ഏവരുടെയും ആശങ്ക ‘സാംബാ’ താരങ്ങളുടെ മറ്റൊരു ദുര്യോഗം ഓർത്തായിരുന്നു. ഫുട്ബോളിലെ മുടിചൂടാമന്നന്മാരായ തന്റെ മുൻഗാമികളെ പോലെ നെയ്മറുടെ കരിയറും അൽപായുസ്സ് ആവുമോ എന്നായിരുന്നു ആ ആശങ്ക. എന്നാൽ ഇന്ന് വളർന്നുവലുതായി സാക്ഷാൽ പെലെയുമായി പോലും താരതമ്യപ്പെടുത്താവുന്ന നിലയിലെത്തി കഴിഞ്ഞു നെയ്‌മർ.


പക്ഷെ ഫുട്ബോളിന്റെ ഈ സൗന്ദര്യത്തെ കാല്പനിക വൽക്കരിക്കുമ്പോഴും അതിന് നെയ്മർ കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. കാലിൽ കൂടുതൽ സമയം ബോൾ പിടിച്ചുവക്കുന്ന ലാറ്റിനമേരിക്കൻ ശൈലിയിൽ എതിരാളികൾക്ക് ഫൗൾ ചെയ്യാനുള്ള അവസരവും കൂടുതലാണ്. ഇന്ന് കളിക്കളത്തിൽ ഏറ്റവും ക്രൂരമായി ആക്രമിക്കപ്പെടുന്ന താരമാണ് നെയ്‌മർ. ഇതിന്റെ മറുവശത്ത് ഫുട്ബോളിനെ വൈകാരികമായി സമീപിക്കുന്ന നെയ്‌മർ എതിരാളികളുടെ ബഹുമാനക്കുറവിനോട് വളരെ രൂക്ഷമായാണ് പ്രതികരിക്കാറ്. 29ആം വയസ്സിലും പലപ്പോഴും ക്യാപ്റ്റൻ നേരിട്ടെത്തി നെയ്മറെ സംരക്ഷിക്കുകയോ, പിടിച്ചുമാറ്റുകയോ ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്.


കൊറോണ വേട്ടയാടിയ ബ്രസീലിൽ കാണികളില്ലാതെയാണ് കോപ്പ അമേരിക്ക നടത്തപ്പെടുന്നത്. ലോകത്തെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ പോലെത്തന്നെ ടെലിവിഷനിലാണ് ബ്രസീൽ ആരാധകരും കാളികാണുന്നത്. എന്നാൽ അവർക്ക് ഒരു കാര്യം ഉറപ്പുണ്ട് ഫുട്ബോളിൽ തങ്ങളെ വേറിട്ട് നിർത്തുന്ന ‘Jago Bonito’ (സൗന്ദര്യാത്മകമായ കളി) നെയ്മറും കൂട്ടരും ഉറപ്പാക്കും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മാഞ്ഞുതുടങ്ങുന്ന സാംബാ താളത്തിന്റെ അവസാന സംരക്ഷകരിൽ ഒരാളാണ് നെയ്‌മർ.

You Might Also Like