നെയ്മർ കരയുന്ന കുട്ടിയെപ്പോലെയാണ്, കോൺ എഫ്‌സി പരിശീലകനെതിരെ ഇൻസ്റ്റയിൽ തുറന്നടിച്ച് നെയ്മറുടെ പിതാവ്

ഫ്രാൻസിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ കോൺ എഫ്‌സിയുമായി നടന്ന ഫ്രഞ്ച് കപ്പ്‌ മത്സരത്തിൽ പിഎസ്‌ജിയുടെ സൂപ്പർ താരം നെയ്മറിന് പരിക്കേറ്റു പുറത്തു പോവേണ്ടി വന്നിരുന്നു. പിന്നീട് നടന്ന ടെസ്റ്റുകൾക്ക് ശേഷം നാലു ആഴ്ച്ച വരെ പുറത്തിരിക്കേണ്ടി വരുമെന്നാണ് പിഎസ്‌ജിയുടെ മെഡിക്കൽ സംഘം അറിയിച്ചത്. ഇതോടെ ലാലിഗ വമ്പന്മാരായ ബാഴ്സലോണക്കെതിരായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ്‌ലീഗിലെ ഇരുപാദമത്സരങ്ങളിലും നെയ്മറിനു പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

മത്സരശേഷം നെയ്മർ ഒരു കരയുന്ന കുട്ടി ആണെന്നു വരെ പറഞ്ഞ കോൺ എഫ് സി പരിശീലകൻ പാസ്കൽ ഡ്യൂപ്രസിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. ഈ പ്രസ്താവനക്കെതിരെ താരത്തിൻ്റെ പിതാവും രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പിതാവ് മകനെതിരായ പരാമർശത്തിനെതിരെ തുറന്നടിച്ചത്.

” അവനു കരയേണ്ടി വന്നു. കാരണം നിങ്ങളെപ്പോലുള്ള പരിശീലകർ ഉള്ളതു കൊണ്ടാണ്. ഈ ലെവലിലുള്ള റഫറിമാർ ഉള്ളതുകൊണ്ടാണ്. അവഗണന നിറഞ്ഞതും നിശബ്ദവുമായ ലീഗായതുകൊണ്ടാണ്. പക്ഷപാതപരമായ മാധ്യമങ്ങളും ഈ കളിയിലെ ഭീരുക്കളും കാരണമാണ്.”

“അതെ, അവനു കരയേണ്ടി വരികയാണ്. എന്റെ ഈ വിലാപവും മകന്റെ കരച്ചിലും ഒരു രാത്രികൊണ്ട് മാറിയേക്കാം. ഫുട്ബോളിലെ മായാജാലക്കാരനായ അവൻ വീണ്ടും ഉയിർത്തെഴുന്നേൽക്കും. ഈ വെല്ലുവിളികളോടെല്ലാം അവൻ പ്രതികരിക്കുകയും ചെയ്യും.” നെയ്മറുടെ പിതാവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

You Might Also Like